മുംബൈ: ദേശവിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും ഹെലോയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. സ്വദേശി ജാഗരണ്‍ മഞ്ച് ഉൾപ്പെടെയുള്ള സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
21 ചോദ്യങ്ങളടങ്ങിയ നോട്ടീസാണു കന്പനികൾക്കു നൽകിയിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടി ഈമാസം 22നുള്ളിൽ നൽകിയില്ലെങ്കിൽ രണ്ടു ആപ്പുകൾക്കും വിലക്കേർപ്പെടുത്തുമെന്നും നോട്ടീസിൽ പറയുന്നു.
ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ അന്യരാജ്യങ്ങൾക്കും കന്പനികൾക്കും നൽകുന്നില്ലെന്ന് എങ്ങനെ ഉറപ്പുവരുത്തുന്നു, 18 വയസിനു താഴെയുള്ളവരെ പ്രായപൂർത്തിയാകാത്തവരായി കാണാത്ത രാജ്യത്ത് 13 വയസുകാർക്ക് ആപ് ഉപയോഗിക്കാൻ അനുമതി നൽകിയതിനുള്ള വിശദീകരണം, വ്യാജവാർത്തകൾ തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ തുടങ്ങിയ ചോദ്യങ്ങളാണ് ഐടി മന്ത്രാലയം ഉന്നയിച്ചിരിക്കുന്നത്.
അതേ സമയം, കേന്ദ്രസർക്കാരിന്റെ ആവശ്യങ്ങളോടു പൂർണമായി സഹകരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ ചുമതലകൾ നിയമാനുസൃതം നിർവഹിക്കുമെന്നും ടിക് ടോക്കും ഹെലോയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ടിക് ടോക്കിനെതിരേ രംഗത്തുവന്നിരുന്നു.