കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം സർജിക്കൽ വാർഡിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് താത്കാലികമായി സർജിക്കൽ വാർഡിലേക്ക് മാറ്റി സ്ഥാപിച്ചത്. നാഷണൽ ഹെൽത്ത് മിഷന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന അത്യാഹിത വിഭാഗത്തിൽ അസൗകര്യങ്ങൾ ഏറെയായിരുന്നു.
നവീകരിക്കുന്ന അത്യാഹിത വിഭാഗത്തിൽ ഒരു ക്യൂ സംവിധാനത്തിനു പകരം ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് ആദ്യ പരിഗണന ലഭിക്കുന്ന സംവിധാനം ഒരുക്കും. ഗുരുതരാവസ്ഥയിലെത്തുന്നവരെ പരിശോധിക്കാനും പ്രാഥമിക ചികിത്സ നൽകുവാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഇതിനായിട്ടാണ് നിലവിലുള്ള അത്യാഹിത വിഭാഗം വിപുലപ്പെടുത്തുന്നത്.
അത്യാഹിത വിഭാഗത്തോടു ചേർന്നുള്ള ആശുപത്രി റിസപ്ഷനും മെഡിക്കൽ റെക്കോർഡ്സ് റൂം പ്രവർത്തിക്കുന്ന മുറികളും പുതിയ അത്യാഹിത വിഭാഗത്തിനായി ഉപയോഗിക്കും. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് ജീവനക്കാർക്കായി ശുചിമുറി, മേൽക്കൂരയിൽ പുതിയ സീലിംഗ് എന്നിവ നിർമിക്കും.
തറയിൽ പുതിയ ടൈലുകൾ പാകും. ഇലക്ട്രിക് വയറിംഗുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ഒന്നര മാസത്തിനുള്ളിൽ ജോലികൾ പൂർത്തീകരിക്കുമെന്ന് നിർമാണ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതർ അറിയിച്ചു.