തിരുവനന്തപുരം: മുട്ടത്തറയിൽ മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്കനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുട്ടത്തറ സ്വദേശിയായ കുഞ്ഞുശങ്കരൻ (55) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ മുട്ടത്തറയിലെ കുഞ്ഞുശങ്കരന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. കുഞ്ഞുശങ്കരനോടൊപ്പം മദ്യപിച്ച മഹേഷാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് കൊണ്ടിരിക്കെ ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ മഹേഷ് കുഞ്ഞുശങ്കരനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരും പോലീസും ചേർന്ന് കുഞ്ഞുശങ്കരനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോർട്ട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.