തൃശൂർ: ജില്ലയിൽ ഡെങ്കിപ്പനി പടരാൻ സാധ്യതയെന്നു ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ.റീന അറിയിച്ചു. മഴ തുടങ്ങിയതിനു ശേഷം കൊതുകു സാന്ദ്രത വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഡെങ്കിപ്പനി കൂടുതൽ പടരുവാനുള്ള സാധ്യത വളരെയേറെയാണ്. ഈ വർഷം ജനുവരി മുതൽ ആകെ 26 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നെ·ണിക്കര, ഇടവിലങ്, വേളൂക്കര, ചേർപ്പ്, വെള്ളാനിക്കര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കുക്കുവാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
കൊതുകുമൂലമുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഉറവിട നശീകരണ പ്രവർത്തനങ്ങൾ, പ്ളാൻറ്റേഷൻ മേഖലകളിലെ പ്രത്യേക ക്യാന്പയിൻ, എല്ലാ സ്ഥാപനങ്ങളിലെയും ഡ്രൈ ഡേ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശന ബോധവത്കരണപരിപാടികൾ, ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിശോധനകൾ എന്നീ വിവിധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.
ആരോഗ്യസേന രൂപീകരിച്ചുകൊണ്ടു വാർഡ് തലങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ വിപുലമായി നടത്തിവരുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും പകർച്ചവ്യാധികൾ തടയുവാനുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ്ണസഹകരണം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
ഡെങ്കി വൈറസ് രണ്ടാമത്തെ പ്രാവശ്യം ഒരാളിൽ പ്രവേശിച്ചാൽ രോഗം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ് . ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നീ പേരുകളിൽ അറിയപ്പെടുന്ന വിവിധ തരം ഡെങ്കി വൈറസുകൾ ഉണ്ട്. ഇതിൽ ഏതെങ്കിലും ഒരു തരം വൈറസ് മൂലം രോഗബാധിനായ ആൾ അടുത്ത തവണ അസുഖ ബാധിതനാകുന്പോൾ മറ്റൊരു തരം വൈറസ് ആണ് രോഗകാരിയെങ്കിൽ രോഗം കൂടുതൽ ഗുരുതരമാകും.അതിനാൽ ഒരാൾക്ക് തന്നെ രണ്ടാമത്തേയും ,മൂന്നാമത്തെയും തവണ ഡെങ്കിപ്പനി വന്നാൽ മരണം വരെ സംഭവിച്ചേക്കാം .
കൊതുക് വളരുന്ന മലിനമായ സാഹചര്യങ്ങൾ ഒഴിവാക്കുക,ചിരട്ടകൾ,കുപ്പികൾ,ടയറുകൾ ,കളിപ്പാട്ടങ്ങൾ തുടങ്ങിയവ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക,വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുകൾ മുട്ടയിടാതിരിക്കാനായി വലകൾ കൊണ്ട് കെട്ടിവയ്ക്കുക,അലങ്കാര കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളർത്തുക,കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലകൾ കൊണ്ട് കെട്ടിവയ്ക്കുക,കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകൾ നികത്തുക, ഓടകളിലെ മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങങ്ങളാണ് രോഗം തടയുന്നതിനായി സ്വീകരിക്കേണ്ടത്. കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവല, ലേപനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.