പയ്യോളി: പേരാമ്പ്ര ഭാഗത്തുനിന്നുള്ള ചെറുവാഹനങ്ങൾക്ക് പയ്യോളി ടൗണിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ജനങ്ങൾക്ക് ദുരിതമാകുന്നു. ബൈക്കും കാറും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ഉള്ളത്. പയ്യോളി-പേരാമ്പ്ര റോഡ് 40 കോടിയിലേറെ രൂപ ചെലവിട്ടു നവീകരിച്ച ശേഷവും വൺവേ സമ്പ്രദായം തുടരുന്നതിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പയ്യോളി നഗരസഭ ഓഫീസിനു മുൻവശത്തുള്ള റോഡിലൂടെയും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഐപിസി റോഡ് വഴിയും ആണ് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടത്. ഈ രണ്ട് റോഡുകളും കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാനുള്ള വീതി മാത്രമാണുള്ളത്. ഈ രണ്ടു റോഡുകൾ കുടിയും എതിർവശത്തു നിന്ന് വാഹനങ്ങൾ വരുന്നതുകൊണ്ട് ഗതാഗതക്കുരുക്കും രൂക്ഷമാണ്.
വർഷങ്ങൾക്കു മുൻപ് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വേണ്ടിയാണ് ട്രാഫിക് പരിഷ്കാരം കൊണ്ടുവന്നത്. ഇപ്പോൾ പേരാമ്പ്ര റോഡ് വീതികൂട്ടി നവീകരിച്ച ശേഷവും വൺവേ സമ്പ്രദായം തുടരുന്നു. പേരാമ്പ്ര റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ തീർത്ഥ ഹോട്ടൽ സമീപത്തും ബസുകളും വലിയ വാഹനങ്ങളും നേരെ ജംഗ്ഷൻലേക്കും ബൈക്കുകൾ കെഎസ്ഇബി റോഡ് വഴി ബസ് സ്റ്റാൻഡിൽ മുമ്പിലേക്കും മറ്റു വാഹനങ്ങൾ പഴയ സുബ ഹോസ്പിറ്റലിൽ സമീപമുള്ള റോഡ് വഴിയാണ് പ്രവേശിക്കുന്നത്. ഈ സ്ഥലങ്ങളിൽ ചെറുവാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കുതിച്ചു വരുന്ന ബസ്സുകൾക്കിടയിലേക്കാണ് കാറും ബൈക്കും പ്രവേശിക്കേണ്ടത്.
ടൗണിൽ തിരക്ക് തീരെ കുറഞ്ഞ സമയങ്ങളിലും പേരാമ്പ്ര റോഡിലൂടെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വെച്ച് പോലീസ് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു വച്ച് തിരിച്ചയക്കുന്നത് പതിവുകാഴ്ചയാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന കാർ, ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും ഇത്തരം നടപടികൾക്ക് വിധേയരാകുന്നത്.
ഞായറാഴ്ചയും അവധി ദിവസങ്ങളിലും വൺവേ സമ്പ്രദായത്തിന് ഇളവുകൾ ഉണ്ടാവാറില്ല. കഴിഞ്ഞ ദിവസം നഗരസഭാ അധ്യക്ഷ വിളിച്ചുചേർത്ത ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ വൺവേ സമ്പ്രദായം മാറ്റാനാകില്ല എന്ന കർശന നിലപാടാണ് പോലീസ് സ്വീകരിച്ചത്. വ്യാപാര പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ട്രാഫിക് പ്രശ്നങ്ങൾ പഠിക്കാനായി ഒരു ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
അടുത്തു ചേരുന്ന യോഗത്തിൽ ഉപസമിതിയുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ചശേഷം ആവും തീരുമാനം പ്രഖ്യാപിക്കുക. അനുകൂലമായ തീരുമാനം അല്ല ഉണ്ടാകുന്നതെങ്കിൽ ബഹുജന കൺവെൻഷൻ വിളിച്ചു ചേർത്തു നഗര സഭയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ ആലോചന.