കോഴിക്കോട്: ഒറ്റമഴയില്‍ നഗരം വെള്ളത്തില്‍. മാവൂര്‍റോഡ്, പുതിയബസ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന്, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം ഉയരത്തിലാണ് വെള്ളംകെട്ടികിടന്നത്. സ്റ്റേഡിയം ജംഗ്ഷനിലെ പല കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മാവൂര്‍റോഡിലെ കടകളിലും സമാനമായ അവസ്ഥയാണുള്ളത്.
ഇന്ന് രാവിലെ ഏഴോടെയാണ് മഴ ശക്തി പ്രാപിച്ചത്. അരമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്തതോടെ തന്നെ പലയിടത്തും വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു. ഇതോടെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. വലിയ വാഹനങ്ങളല്ലാതെ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങള്‍ക്കും നഗരത്തിലെ പ്രധാന റോഡുകളില്‍ കൂടി പോലും പോകാന്‍ പറ്റാത്ത വിധം വെള്ളമുയര്‍ന്നിരുന്നു.
രാവിലെ തിരക്കേറിയ സമയമായതിനാല്‍ മാവൂറോഡിലൂടെയുള്ള ഓട്ടോ സര്‍വീസുകള്‍ തടസപ്പെട്ടത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ മലിനജലം ചവിട്ടിയാണ് മാവൂര്റോഡിലൂടെ സഞ്ചരിച്ചത്.
കുറച്ചുനേരമാണ് പെയ്തതെങ്കിലും മഴവെള്ളം നിറഞ്ഞ് റോഡുഗതാഗതവും കാല്‍നടയാത്രയും മണിക്കൂറോളം തടസപ്പെട്ടു. സ്റ്റേഡിയം ജംഗ്ഷനില്‍ റോഡില്‍ വെള്ളംനിറഞ്ഞ് നടപ്പാത വരെ മുങ്ങിയിരുന്നു. അഴുക്കുചാല്‍ യഥാസമയം തുറക്കാത്തതും മാലിന്യം നീക്കംചെയ്യാത്തതുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
ഓവുചാലിലേക്ക് വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മണ്ണും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി കിടക്കുകയാണ്. മാലിന്യക്കൂമ്പാരങ്ങളും മഴയില്‍ ഒഴുകിപ്പരന്നത് പകര്‍ച്ചവ്യാധികള്‍ പകരുന്നതിനും കാരണമാവും. റോഡരികില്‍ കെട്ടിക്കിടക്കുന്ന ചെളിയും അഴുക്കുവെള്ളവും വാഹനങ്ങള്‍ ഓടുമ്പോള്‍ കടകളിലേക്കും കാല്‍നടക്കാരുടെ ദേഹത്തേക്കും തെറിക്കുന്നുണ്ട്.