കൊല്ലം : ഓടനാവട്ടത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്ന അപകടത്തില്‍ ഉടമസ്ഥന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കളക്ട്രേറ്റില്‍ നടന്ന പാചക വാതക അദാലത്തിലാണ് കളക്ടറുടെ നിര്‍ദേശം. 10ന് അപകടം നടന്നിട്ടും ഇതുവരെ ഇന്‍ഷ്വറന്‍സ് അധികൃതര്‍ സന്ദര്‍ശനം നടത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
നടപടിക്രമങ്ങള്‍ 31 നകം പൂര്‍ത്തീകരിച്ച് ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കണമെന്ന് കളക്ടര്‍ ഗ്യാസ് കമ്പനി പ്രതിനിധികള്‍ക്ക് നിര്‍ദേശംനൽകി. വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം. ഗ്യാസ് ലീക്കേജ് സംബന്ധിച്ച പരാതികള്‍ക്ക് ഉടനടി പരിഹാരം വേണം. പാചകവാതകം വീട്ടിലെത്തിക്കുന്നില്ലെന്ന പരാതിയിലും നടപടിയായി. സബ്സിഡി തുക അക്കൗണ്ടില്‍ വരുന്നില്ലെന്ന നാല് പരാതികളും പരിഗണിച്ചു.
ആധാര്‍ ലിങ്ക് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നമാണ് കാരണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി.ഏജന്‍സിയില്‍ നിന്നും ഉപഭോക്താവിന്റെ വീട് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണെങ്കില്‍ ബില്‍തുകയില്‍ നിന്നും അധിക തുക ഈടാക്കരുത്.
10 കിലോമീറ്റര്‍ വരെ 35 രൂപ, 15 കിലോ മീറ്റര്‍ വരെ 42 രൂപ, 20 കി ലോമീറ്റര്‍ വരെ 50 രൂപ, 25 കിലോമീറ്റര്‍ വരെ 60 രൂപ, 30 കിലോമീറ്റര്‍ വരെ 65 രൂപ എന്നിങ്ങനെയാണ് ഡെലിവറി ചാര്‍ജ്. അധികമായി ഈടാക്കുന്ന ഡെലിവറി ചാര്‍ജ് ബില്ലില്‍ രേഖപ്പെടുത്തുകയും വേണം.
അദാലത്തില്‍ നിന്ന് വിട്ടു നില്ക്കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ അനില്‍ രാജ്, ലീഡ് ബാങ്ക് മാനേജര്‍ റീന സൂസണ്‍ ചാക്കോ, പാചവാതക കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.