പത്തനാപുരം:റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സിന്റെ സേവനമില്ല;റെയില്‍വേ സ്റ്റേഷനുകളില്‍ അക്രമസംഭവങ്ങള്‍ പതിവാകുന്നു.പ്രധാന സ്റ്റേഷനുകളില്‍ ഇവരുടെ സേവനമുണ്ടെങ്കിലും ആവണീശ്വരം,കുര പോലെയുള്ള ചെറിയ സ്റ്റേഷനുകളില്‍ ആര് പി എഫിന്റെെ സേവനം നാമമാത്രമാണ്.ട്രെയിനുകളില്‍ വന്നുപോകുന്ന ഇവര്‍ സ്റ്റേഷനുകളില്‍ അധികസമയം ചെലവഴിക്കാറുമില്ല.രാത്രിയിൽ ഇവിടെയെത്തുന്നവര്‍ക്ക് ഒരു സുരക്ഷിതത്വവുമില്ലാത്ത സ്ഥിതിയാണ്.
ഒന്നരമാസം മുന്‍പാണ് ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്ത്രീകളായ യാത്രക്കാര്‍ അക്രമിക്കപ്പെട്ടത്.പ്ലാറ്റ് ഫോമിലൂടെ നടന്നുവന്നയാളാണ് രാത്രി പതിനൊന്നരയോടെ മധുരപാസഞ്ചറില് പോകാനെത്തിയ യാത്രക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചശേഷം സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞത്.
റെയില്‍വേ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയെങ്കിലും ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ ദിവസമാണ് കുര റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിനടുത്തായി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്.തെങ്കാശിയില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന അജ്ഞാതനായ ഈ യാത്രികനെ മോഷണശ്രമത്തിനിടെ മോഷ്ടാക്കള്‍ തള്ളിയിട്ടതാണെന്നും സംശയിക്കുന്നുണ്ട്.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്പോലും കൊല്ലത്തുനിന്നും ആര് പി എഫ് എത്തേണ്ട അവസ്ഥയാണ്.മുന്‍പ് പുനലൂരില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ബ്രോഡ് ഗേജ് പാതയുടെ നിര്‍മ്മാണസമയത്ത് ഇതുവഴി സര്‍വീസുകള്‍ നിര്‍ത്തിയതോടെ കൊല്ലം,തിരുവനന്തപുരം മേഖലകളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായി ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടും ഇവിടുണ്ടായിരുന്ന ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.ഇടമണ്‍,ഒറ്റക്കല്‍,തെന്മല,ആവണീശ്വരം,കുര സ്റ്റേഷനുകളിലും ആര് പി എഫ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.