കാസർഗോഡ്: കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടറായി കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയാ വര്‍ഗീസിനെ നിയമിക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം. നിലവില്‍ തൃശൂര്‍ കേരളവര്‍മ കോളജിലെ അസി. പ്രഫസറായ പ്രിയയെ ഡെപ്യൂട്ടേഷന് വ്യവസ്ഥയിലാണ് സര്‍വകലാശാലയില്‍ നിയമിക്കുന്നത്. ഈ തസ്തികയിലേക്ക് ഇവരുടെ അപേക്ഷ മാത്രമാണ് ലഭിച്ചിരുന്നതെന്നാണ് സര്‍വകലാശാലയില്‍ നിന്നുള്ള വിവരം. ഇന്നലെ നടന്ന സിന്‍ഡിക്കറ്റ് യോഗമാണ് തീരുമാനമെടുത്തത്.
ബിരുദാനന്തര ബിരുദവും ആറു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് വിജ്ഞാപനത്തില്‍ ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. കേരളവര്‍മ കോളജിലെ മലയാളവിഭാഗം അധ്യാപികയായ പ്രിയയ്ക്ക് ഇവ രണ്ടുമുണ്ട്. സര്‍വകലാശാലാ ഭരണതലത്തിലെ തസ്തികയാണെങ്കിലും കോളജ്-സര്‍വകലാശാല തലത്തിലെ ഭരണപരിചയം അഭിലഷണീയ യോഗ്യതയായി മാത്രമാണ് വിജ്ഞാപനത്തില്‍ കാണിച്ചിട്ടുള്ളത്. സര്‍വീസില്‍ താരതമ്യേന ജൂണിയറായ പ്രിയയ്ക്ക് ഈ യോഗ്യത ഇല്ലാത്തതാണ്.
ഒഴിഞ്ഞുകിടന്നിരുന്ന സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കാന്‍ നേരത്തേ സര്‍വകലാശാല തീരുമാനമെടുത്തിരുന്നു. എന്നാല്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് ചെറിയൊരു പത്രക്കുറിപ്പ് മാത്രമാണ് പുറത്തിറക്കിയത്.
സാധാരണഗതിയില്‍ ഇത്തരം നിയമനങ്ങളുമായി ബന്ധപ്പെട്ട് വിശദമായ വിജ്ഞാപനവുമായി പത്രപരസ്യം പ്രസിദ്ധീകരിക്കുകയാണ് പതിവ്. ഇത്തവണ അതുണ്ടായില്ല. സര്‍വകലാശാലയില്‍ നിന്നുള്ള മറ്റ് സാധാരണ അറിയിപ്പുകളോടൊപ്പമാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്രക്കുറിപ്പും ഇറങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ദിവസമാണ് ഇത് പുറത്തിറക്കിയത്. സ്വാഭാവികമായും പത്രങ്ങളില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് ഇത് പ്രസിദ്ധീകരിച്ചുവന്നതും.
ഇന്നലെ നിയമനം നടന്നുകഴിഞ്ഞ ശേഷമാണ് ഭരണകക്ഷി സംഘടനകളില്‍ തന്നെ ഉള്‍പ്പെട്ട പല അധ്യാപകരും ഇത്തരമൊരു വിജ്ഞാപനം പുറത്തിറങ്ങിയതിനെക്കുറിച്ച് അറിയുന്നത്. കൂടുതല്‍ സീനിയോറിറ്റിയും ഭരണപരിചയവുമുള്ള നിരവധി അധ്യാപകര്‍ സര്‍വകലാശാലയില്‍ തന്നെ ഉണ്ടായിരിക്കേ എംപിയുടെ ഭാര്യയ്ക്ക് തസ്തിക നല്‍കാനായി മുന്‍കൂട്ടി തീരുമാനമെടുത്ത് നടപ്പാക്കുകയായിരുന്നു എന്ന ആരോപണം ഭരണപക്ഷത്തു നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.