ആലപ്പുഴ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും വ്യാപകനാശനഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകിവീണ് വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി.ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുവാൻ തുടങ്ങി. വൈദ്യുതി തൂണുകൾ ഒടിഞ്ഞും മരങ്ങൾ വീണും പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. കാട്ടൂർ, ആറാട്ടുപുഴ, നല്ലാണിക്കൽ പ്രദേശങ്ങളിൽ കടാലാക്രമണം രൂക്ഷമാണ്.
ആറാട്ടുപുഴയിൽ 18 കുടുംബങ്ങളെയും കാട്ടൂരിൽ പത്തോളം കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കാട്ടൂരിൽ രണ്ടു വീടുകൾ ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശറോഡ് കവിഞ്ഞ് കടൽവെള്ളം ഒഴുകിയെത്തി. പെരുന്പള്ളി, കള്ളിക്കാട്ട് പ്രദേശങ്ങളിലും തൃക്കുന്നപ്പുഴ പ്രണവംനഗർ ഭാഗത്തും റോഡിന് സമീപം മണൽ തിട്ടയുടെ ഭാഗം ഒലിച്ചുപോയ നിലയിലാണ്.
രണ്ടു ദിവസം മുന്പ് തീരത്ത് കല്ലിടൽ പൂർത്തിയായ ചേർത്തല ഒറ്റമശേരിയിൽ ഇപ്പോഴും കടൽ ക്ഷോഭ ഭീഷണിയുണ്ട്. കല്ലുകൾക്ക് മുകളിലൂടെയും കടൽ കയറുന്നുണ്ട്. പുറംകടലിൽ തിരമാലകൾ രൂക്ഷമായതിനെത്തുടർന്ന് നീർക്കുന്നത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ തൊഴിലാളികൾ തീരത്തെത്തിച്ചു. നീർക്കുന്നത്ത് ചാകര കോളുണ്ടെങ്കിലും കടൽക്ഷോഭം രൂക്ഷമായതിനാൽ തൊഴിലാളികൾ കടലിലിറങ്ങുന്നില്ല.
കുട്ടനാട്ടിൽ പലയിടങ്ങളിലും കൃഷിനാശവുമുണ്ടായിട്ടുണ്ട്. മഴ തുടരുന്നതിനാൽ എസി റോഡിലെ നവീകരണത്തിന് മുന്നോടിയായുള്ള പരിശോധനകളും മന്ദഗതിയിലായി. മരം വീണുള്ള അപകടങ്ങൾ കൂടിയതോടെ അഗ്നിശമന സേനാ വിഭാഗങ്ങൾക്കും ജോലി ഇരട്ടിച്ചു. പന്പാനദിയിലടക്കം ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശത്തുള്ളവരും ഭീതിയിലാണ്.