തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകരുടെ കത്തിക്കുത്തും തുടർന്നുള്ള സംഘർഷങ്ങളും കണക്കിലെടുത്ത് കോളജിൽ കൂടുതൽ ‘ശുദ്ധീകരണ’ നടപടികളുമായി സർക്കാർ. വിദ്യാർഥികളെ ഇവിടെ നിന്ന് നിർബന്ധിച്ച് സമരങ്ങൾക്കിറക്കുന്നത് തടയുമെന്നും വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.
കോളജിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അധ്യാപകരെ സ്ഥലം മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി. യൂണിയൻ ഓഫീസിനുള്ളിൽ നിന്നും അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ അധ്യാപകർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ജലീൽ അറിയിച്ചു.
മുൻപ് നിഖില എന്ന പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിനു ശേഷവും ഇത്തരം ചില നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നുവെന്നും എന്നാൽ, അതൊന്നും നടപ്പായില്ലെന്നും ഇനി മുതൽ കർശനമായ നടപടികളിലൂടെ അക്കാഡമിക് രംഗം മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.