കോഴിക്കോട്: സ്കൂള്‍ വരാന്തയിലെ എര്‍ത്ത് ലൈനില്‍ തട്ടി വിദ്യാര്‍ഥിനിക്ക് ഷോക്കേറ്റു. ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും മാത്തോട്ടം ചക്കീരിക്കാട് പറമ്പ് മുഹമ്മദ് അഫ്സലിന്റെ മകളുമായ നാജിയ(14)ക്കാണ് ഇന്നലെ ഷോക്കേറ്റത്.
കനത്ത മഴയെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് പ്രവര്‍ത്തിക്കുന്ന കെട്ടിട പരിസരം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതോടെ കുട്ടികള്‍ കുറച്ചു നേരം വരാന്തയില്‍ നിന്നിരുന്നു. രാവിലെ പത്തോടെ സ്റ്റാഫ് റൂമിനു സമീപത്തെ വരാന്തയില്‍ എത്തിയപ്പോള്‍ എര്‍ത്ത് ലൈനില്‍ കാല്‍തട്ടിയാണ് ഷോക്കേറ്റത്. നാജിയ മഴയില്‍ നനഞ്ഞിരുന്നു. ചെരുപ്പിട്ടിരുന്നില്ല. വരാന്തയിലെ സിമന്റ് അടര്‍ന്ന് എര്‍ത്ത് ലൈന്‍ പുറത്തുകാണുന്ന നിലയിലാണ്.
പിവിസി പൈപ്പിനുള്ളിലൂടെയാണ് ലൈന്‍ വലിച്ചത്. ഈ ഭാഗത്ത് പൈപ്പും പൊട്ടിയിരുന്നു. ഇവിടെ ചവിട്ടിയപ്പോഴാണ് ഷോക്കേറ്റതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കുഴഞ്ഞു വീണ കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എര്‍ത്ത് ലൈന്‍ ഉള്‍പ്പെടെ മാറ്റാനും പുതിയ വയറിംഗ് നടത്താനും നടപടിയെടുത്തതായി പ്രധാനാധ്യാപകന് എം.സി. ബാലകൃഷ്ണന് പറഞ്ഞു.