സരണ്‍: പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ബിഹാറിലെ സരണ്‍ ജില്ലയിലെ ബനിയാപൂരിൽ മൂന്നു പേരെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാർ. സംഭവം ആൾക്കൂട്ട കൊലപാതകമായി കാണാൻ കഴിയില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണം. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്.
ആളുകളെ മർദ്ദിച്ചവർ ഒരു ആദിവാസി ഗോത്രത്തിൽ പെട്ടവരാണെന്നും കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ദളിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പശുക്കളെ മോഷ്ടിച്ചത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് ഇവരെ ഗ്രാമീണർ അടിച്ചത്. ഇത് മരണത്തിലേക്ക് നയിച്ചു. ഇത് ഒരു പ്രാദേശിക പ്രശ്നം മാത്രമാണ് ബിഹാർ മുഖ്യമന്ത്രി പറയുന്നു.
ഇന്നലെ രാവിലെ ചപ്ര ജില്ലയിലെ പൈഗാംബർപുർ ഗ്രാമത്തിലായിരുന്നു ആൾക്കൂട്ടത്തിന്റെ വിളയാട്ടം. രാജു നാത്, ബിദെസ് നാത്, നൗഷാദ് ഖുറേഷി എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുകൊണ്ടു പോകുംവഴിയുമാണു മരിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. മരിച്ചവരെല്ലാം പൈഗാംബ ർപുർ ഗ്രാമക്കാരാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവർ മുന്‍പ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ലെന്നു പോലീസ് അറിയിച്ചു.
മുസ്ലിം യുവാവിന് ക്രൂരമർദനം
ഒൗറംഗബാദ്: മഹാരാഷ്ട്രയിലെ ഒൗറംഗബാദിൽ ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യുവാവിന് ക്രൂരമർദനം. ബെഗുംപുരയിൽ ഹുഡ്കോ കോർണറിലായിരുന്നു സംഭവം. ഹോട്ടൽ ജീവനക്കാരനായ ഇമ്രാൻ ഇസ്മയിൽ പട്ടേലിനാണ് മർദനമേറ്റത്. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കുപോകുന്പോൾ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നെന്ന് ഇമ്രാൻ പറയുന്നു.
ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇമ്രാനെ രക്ഷിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.