ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ വീണ്ടും അനധികൃത കച്ചവടക്കാരും താമസക്കാരുമെത്തി. ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി പൊന്നമ്മ(55)യെ കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ആശുപത്രി വളപ്പിൽ വിവിധ കച്ചവടം നടത്തുന്നവരേയും വർഷങ്ങളായി ആശുപത്രിക്കുള്ളിൽ അനധികൃതമായി താമസിച്ചിരുന്നവരെയും അധികൃതർ പുറത്താക്കിയിരുന്നു.
കച്ചവടം നിരോധിക്കുകയും ചെയ്തു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അനധികൃത കച്ചവടക്കാരും താമസക്കാരും പഴയതുപോലെ വീണ്ടും സജീവമായി.ആശുപത്രിക്കുള്ളിലെ നടപ്പാത വരെ കയ്യേറിയാണ് ലോട്ടറി കച്ചവടം. ലോട്ടറി വില്പനക്കാരി കൊല്ലപ്പെട്ടു കിടന്ന സ്ഥലത്തിന്റെ തൊട്ടു സമീപത്തെ കാൻസർ വിഭാഗം കെട്ടിടത്തിന്റെ തിണ്ണയിൽ വരെ അനധികൃത താമസക്കാർ സ്ഥാനം പിടിച്ചു.
ഇന്നലെ ഒരു അനധികൃത താമസക്കാരൻ അമിതമായി മദ്യപിച്ച ശേഷം കുടുംബശ്രീ ജീവനക്കാരോട് അസഭ്യം പറഞ്ഞ ശേഷം കാൻസർ വാർഡിന് സമീപമുള്ള കെട്ടിടത്തിന്റെ തിണ്ണയിൽ കിടന്ന് മലമൂത്ര വിസർജനം നടത്തുകയും ഛർദിക്കുകയും ചെയ്തു. ഇങ്ങനെയുള്ള മാലിന്യം കഴുകിക്കളഞ്ഞ് വൃത്തിയാക്കേണ്ടതും ശുചീകരണ വിഭാഗം ജീവനക്കാരുടെ ഉത്തരവാദിത്വമാണ്.
രോഗികളുടെ മലമൂത്രമോ ഛർദിലോ കഴുകി ക്കളഞ്ഞ് വൃത്തിയാക്കുന്നതിൽ തങ്ങൾക്ക് മടിയില്ലെന്നും അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും എന്നാൽ ആശുപത്രി പരിസരത്ത് മദ്യപിച്ച ശേഷം അലഞ്ഞു തിരിഞ്ഞ് നടക്കുന്നവർ സൃഷ്ടിക്കുന്ന മാലിന്യം കഴുകിക്കളഞ്ഞ് വൃത്തിയാക്കേണ്ട ഉത്തരവാദിത്വവും തങ്ങളെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും അതിനാൽ ഇത്തരക്കാരെ ആശുപത്രി കോന്പൗണ്ടിൽ നിന്നു പുറത്താക്കുവാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ശുചീകരണ വിഭാഗം ജീവനക്കാരുടെ ആവശ്യം.