തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ അഖിലിനെ നെഞ്ചിൽ കുത്തി വീഴ്ത്തിയ ശേഷം മുഖ്യ പ്രതികളായ ശിവരഞ്ജിത്തും എൻ.എ. നസീമും ആദ്യ രണ്ടു ദിവസങ്ങളിൽ ഒളിവിൽ കഴിഞ്ഞതു മൂന്നാറിലെന്നു പോലീസ്. അഖിലിനെ കുത്തി വീഴ്ത്തിയ ശേഷം നസീമിന്റെ ബൈക്കിൽ കാന്പസിനുള്ളിൽ നിന്നു രക്ഷപ്പെട്ട പ്രതികൾ പടിഞ്ഞാറേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ശിവരഞ്ജിത്തിന്റെ മുറിവിൽ മരുന്നു വച്ചു.
തുടർന്നു പിഎംജിയിലെ സ്റ്റുഡൻസ് സെന്ററിൽ എത്തിയ ഇരുവരും അവിടെ അവലയ്ബിൾ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേർന്നു. ഉച്ച കഴിഞ്ഞതോടെ സ്ഥിതി കൂടുതൽ ഗുരുതരമെന്നു മനസിലാക്കിയ ശിവരഞ്ജിത്തും നസീമും കെഎസ്ആർടിസി ബസിൽ മൂന്നാറിനു പോയെന്നാണു പോലീസിനു മൊഴി നൽകിയത്.
നസീമിന്റെ തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ചു രണ്ടു ദിവസം മൂന്നാറിലെ ഹോട്ടലിൽ ഒളിവിൽ കഴിഞ്ഞു. ഒളിവു സ്ഥലത്തെക്കുറിച്ചു ചിലർ പോലീസിനു വിവരം ചോർത്തി നൽകുമെന്നു ചില സൂചനകൾ ലഭിച്ചതോടെ കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേയ്ക്കു മടങ്ങി.
തന്പാനൂരിൽ ബസിറങ്ങി, ജില്ലയുടെ കിഴക്കൻ മേഖലയിൽ ഒളിവിൽ കഴിയാൻ പോകുന്നതിനിടയിൽ കേശവദാസ പുരത്തിനു സമീപത്തു നിന്നു പിടികൂടിയെന്നാണു പോലീസ് പറയുന്നത്. ഓണ്‍ലൈൻ വഴി കത്തി വാങ്ങിയതിനു ശിവരഞ്ജിത്തിന്റേയും നസീമിന്റെയും മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നു രാഷ്ട്രീയ രംഗത്തെ പല പ്രമുഖരേയും വിളിച്ചതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.