ആരെയും ആകര്‍ഷിക്കുന്ന മുഖസൗന്ദര്യവും കൂടെ അഭിനയചാതുരിയും. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍. അവയെല്ലാംതന്നെ ശ്രദ്ധിക്കപ്പെട്ടു. മോഡല്‍, അഭിനേതാവ്, ടിവി അവതാരക, എഴുത്തുകാരി, വീട്ടമ്മ എന്നീ നിലകളില്‍ തിളങ്ങുകയാണ് സിനി ഏബ്രഹാം എന്ന പയ്യന്നൂര്‍കാരി.
മോഡലിംഗിനൊപ്പം തന്നെ ചുരുങ്ങിയ കാലം കൊണ്ടു മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ഇവര്‍ക്കായി. പതിനഞ്ച് സിനിമകളില്‍ അഭിനയിച്ച സിനി നായികയായി എത്തുന്ന കാറ്റിനരികെ റിലീസിംഗിന് ഒരുങ്ങുകയാണ്. അമ്പത് പരസ്യങ്ങളിലും പത്ത് ഹ്രസ്വചിത്രങ്ങളിലും സിനി തന്റെ സാന്നിധ്യം അറിയിച്ചു. സിനിയുടെ വിശേഷങ്ങളിലേക്ക്…
തുടക്കം മോഡലിംഗില്‍ നിന്ന്
പയ്യന്നൂര്‍ പാലാവയല്‍ സെന്റ് ജോണ്‍സ് സ്‌കൂളിലും കണ്ണൂര്‍ ചിന്മയാമിഷന്‍ കോളജിലും പഠിക്കുമ്പോള്‍ സിനിമയെ സ്വപ്‌നം പോലും കാണാത്ത പെണ്‍കുട്ടിയായിരുന്നു ഞാന്‍. ചിന്മയ കോളജില്‍ ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു. സ്‌പോര്‍ട്‌സിനോടായിരുന്നു താല്‍പര്യം. എന്നാല്‍ യൂണിവേഴ്‌സിറ്റിതലത്തില്‍ പലപ്പോഴും കലാമത്സരങ്ങളിലും പങ്കെടുത്തു. വിവാഹത്തിനുശേഷമാണ് മോഡലിംഗും സിനിമയും ജീവിതത്തിലേക്കു കടന്നുവന്നത്. അതിനു ഭര്‍ത്താവിനോടു കടപ്പെട്ടിരിക്കുന്നു.
മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനായ ഭര്‍ത്താവ് ഏബ്രഹാം ജോസ് മികച്ചൊരു ഫോട്ടോഗ്രഫര്‍കൂടിയാണ്. അദ്ദേഹത്തിന്റെ പിന്തുണയാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. 2007ല്‍ മനോഹര്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെയാണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. മുംബൈയിലെ ഗുഡ്‌വിന്‍ ജ്വല്ലറിയുടെ പരസ്യം ക്ലിക്കായി. അമൃത ടിവിയില്‍ കുക്കറിഷോയിലൂടെ അവസരങ്ങള്‍ കൂടുതല്‍ ലഭിച്ചു. ധാത്രി, കല്യാണ്‍, ഈസ്റ്റേണ്‍, അന്ന അലൂമിനിയം, കൊക്കകോള തുടങ്ങിയ കമ്പനികളുടെ പരസ്യത്തില്‍ മോഡലായി.
നിമിത്തമായത് മകള്‍ ആഞ്ജലീന
ഞാന്‍ മോഡലിംഗ് രംഗത്തുണ്ടായിരുന്നുവെങ്കിലും സിനിമയിലേക്കു ചുവടുവച്ചത് മകള്‍ ആഞ്ജലീന കാരണമാണ്. മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ ആറാം ക്ലാസുകാരിയായ മകള്‍ ആഞ്ജലീനയുണ്ട്. ആമി, ആടുപുലിയാട്ടം, മത്തായി കുഴപ്പക്കാരനല്ല, അച്ചായന്‍, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലെ ബാലതാരമാണ് ആഞ്ജലീന. മത്തായി കുഴപ്പക്കാരനല്ല എന്ന സിനിമയുടെ ഷൂട്ടിംഗിനു മകള്‍ക്കൊപ്പം പോയതാണ്.
മോഡലിംഗ് രംഗത്തായതുകൊണ്ട് അഭിനയിച്ചു കൂടെ എന്നു സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ചോദിച്ചു. ഞാന്‍ എതിരുപറഞ്ഞില്ല. മകള്‍ പ്രോത്സാഹിപ്പിച്ചു. മകള്‍ക്കും സ്ഥിരം ഒരു കൂട്ടാകുമല്ലോ. അങ്ങനെയാണ് സിനിമയിലേക്കു പ്രവേശിക്കുന്നത്. ഈ ചിത്രത്തില്‍ ലക്ഷ്മിഗോപാലസ്വാമിയുടെ കൂട്ടുകാരിയായിാണ് അഭിനയിച്ചത്. തുടര്‍ന്നു കലി, പ്രേതം, ലീല, ഹണിബീ ടു, പഞ്ചവര്‍ണ തത്ത, ഹൗസ് ഫുള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കാറ്റിനരികെയില്‍ അശോകന്റെ കൂടെയും ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ കാളിദാസ് ജയറാമിന്റെ കൂടെയും അഭിനയിക്കുന്നു.
കാറ്റിനരികെ
ധാരാളം പ്രത്യേകതകള്‍ നിറഞ്ഞ സിനിമയാണിത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം. എന്റെ ജീവിത്തില്‍ ആദ്യമായി നായിക വേഷം ലഭിക്കുന്ന സിനിമ കൂടിയാണിത്. കപ്പൂച്ചിന്‍ വൈദികനായ ഫാ.റോയി കാരയ്ക്കാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്.
ഒരുകുടുംബം നേരിടുന്ന പ്രതിസന്ധിയാണ് കഥ. വെറും നാട്ടിന്‍പുറത്തുകാരി യുവതി. എന്റെ ഫോട്ടോകള്‍ കണ്ടിട്ടു വീട്ടുകാര്‍ പോലും വിശ്വസിച്ചില്ല. അത്രമാത്രം മാറ്റമാണ് ഈ സിനിമയില്‍ എനിക്ക് ഉണ്ടായിരിക്കുന്നത്. ഫോട്ടോ കണ്ടിട്ടു കൊള്ളാം ഇങ്ങനെ വേണമെന്ന അഭിനന്ദനമാണ് ഭര്‍ത്താവില്‍ നിന്ന് ലഭിച്ചത്. എന്റെ ഓരോ ചിത്രത്തിലും പോരായ്മകളും ഗുണങ്ങളും ആദ്യം പറയുന്നതും ഭര്‍ത്താവും കുടുംബവുമാണ്. മക്കള്‍ക്കു പോലും വലിയ ഇഷ്ടമാണ്.
കുടുംബം
എന്റെ വീട് കണ്ണൂര്‍ പയ്യന്നൂരിലാണ്. ഭര്‍ത്താവിന്റെ വീട് കോട്ടയത്തും. മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനായി അദ്ദേഹം ഡല്‍ഹിയിലാണ്. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നതു പയ്യന്നൂരിലാണ്. മക്കളായ അന്‍േറാണിയോ,ആഞ്ജലോ, ആഞ്ജലീന. ഭര്‍ത്താവിന്റെ അപ്പാ ജോസും അമ്മ ബേബിയും നല്ല പിന്തുണയാണ് നല്‍കുന്നത്. ഷൂട്ടിംഗിനു പോകുമ്പോള്‍ എന്റെ അമ്മ ഗ്രേസിയും ഡാഡി ജേക്കബും വീട്ടിലുണ്ടാകും.
ജോണ്‍സണ്‍ വേങ്ങത്തടം