കോതമംഗലം: കുടമുണ്ട പാലത്തിൽ തങ്ങിനിന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവ ജെസിബി ഉപയോഗിച്ച് പാലത്തിന് താഴെ കോതയാർ പുഴയിലേക്ക് കോരിയിട്ട് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകൾ. പ്ലാസ്റ്റിക് മാലിന്യങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളുമാണ് വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ ഒഴുകിയെത്തി പാലത്തിൽ തങ്ങിക്കിടന്നത്.
ഇവയാണ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്ത് അധികൃതർ ജെസിബിയിൽ കോരിയെടുത്ത് പുഴയിലേക്കു തന്നെ തള്ളിയത്. മണിക്കുറുകൾ നീണ്ടുനിന്ന മാലിന്യ നിർമാർജനം കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു.
കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളുടെ അതിർത്തിയാണ് കുടമുണ്ട പാലം. ഇവിടെ നിന്നു പാലത്തിന് താഴെയുള്ള വാരപ്പെട്ടി പഞ്ചായത്തിന്റെ ഭാഗത്തേക്കാണ് മാലിന്യം ഒഴുക്കിയത്. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതും പാലത്തിന് ബലക്ഷയമുണ്ടാകുന്നതും ഒഴിവാക്കാനാണ് തങ്ങിക്കിടന്ന മാലിന്യങ്ങൾ നീക്കംചെയ്തത്. താഴെ ഭാഗത്ത് പുഴയിൽ പലയിടങ്ങളിലും ജല അഥോറിറ്റിയുടെ പന്പ് ഹൗസുകളുമുണ്ട്. അത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് മാലിന്യം വീണ്ടും പുഴയിൽ തള്ളിയതെന്നും ആക്ഷേപമുണ്ട്.
പുഴയിൽനിന്നുകോരിയ മാലിന്യങ്ങൾ ലോറിയിൽ കയറ്റി ഡന്പിംഗ് യാർഡിലോ മറ്റോ തളളിയിരുന്നെങ്കിൽ വീണ്ടും പുഴ മലിനപ്പെടുന്നതും മറ്റിടങ്ങളിൽ പാലത്തിലോ ചെക്ക് ഡാമുകളിലോ ഇതേമാലിന്യം ചെന്നടിയുന്നതും ഒഴിവാക്കാമായിരുന്നു. സന്പൂർണ മാലിന്യ നിർമാർജനം നടപ്പാക്കുന്ന പഞ്ചായത്ത് അധികൃതരാണ് മാലിന്യം ജെസിബിക്ക് കോരി പുഴയിൽ തള്ളിയത്.