എസ്.രാജേന്ദ്രകുമാർ
വിഴിഞ്ഞം: കടൽ രക്ഷാസേനയെന്ന് സർക്കാർ പുകഴ്ത്തിയ കടലിന്റെ മക്കളെ ആരും തിരിഞ്ഞ് നോക്കിയില്ല. വീശിയടിച്ച തണുത്ത കാറ്റും കോരിച്ചൊരിയുന്ന മഴയും ഏറ്റ് മൂന്ന് രാവും പകലും അലറിയടിക്കുന്ന സമുദ്രത്തിൽ രക്ഷകരെയും കാത്തു കിടന്നവർക്ക് ഒടുവിൽ ദൈവം തുണയായി.
ആരും തിരിഞ്ഞു നോക്കാനില്ലാതെ അസ്തമിച്ച പ്രതീക്ഷയുമായി തിരമാലകളോട് മല്ലിട്ടവർക്ക് പ്രതീക്ഷയുടെ തിരിനാളങ്ങൾ തെളിച്ചായിരുന്നു ദിവസങ്ങൾക്ക് ശേഷം എൻജിൻ പ്രവർത്തിച്ചത്.
ആധുനിക സംവിധാനമുള്ള കൂറ്റൻ ബോട്ടിൽ ചുറ്റിയടിക്കുന്ന തീരസംരക്ഷണസേന പോലും പേടിച്ച് പിൻവാങ്ങിയ കടലിൽ വള്ളത്തിലുണ്ടായിരുന്ന ഒറ്റ ഏൻജിന്റെ ബലത്തിൽ ലൂയീസും ബെന്നിയും യേശുദാസനും ആന്റണിയും ഇന്നലെ തീരമണഞ്ഞു.
മരണക്കയത്തിൽ നിന്ന് രക്ഷപ്പെട്ടവർ കരപറ്റും വരെ തുറമുഖത്ത്കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകുന്ന മോഹന വാഗ്ദാനങ്ങൾ മാത്രംനൽകി അധികൃതർ കബളിപ്പിച്ചു. കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിൽ നിന്നുമായി നേവിയുടെ കൂറ്റൻ കപ്പലുകളും തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനവും ഹെലികോപ്റ്ററും തെരച്ചിലിനിറങ്ങിയെന്നും ഉൾക്കടലിൽ കൂടി കടന്നു പോകുന്ന നാല്പതോളം കപ്പലുകളുടെ സഹായവും തേടിയെന്നുമായിരുന്നു അധികൃതർ കഴിഞ്ഞ ദിവസം നാട്ടുകാർക്ക് ഉറപ്പു നൽകിയത്. പക്ഷെ തീരത്തു നിന്ന് കഷ്ടിച്ച് മുപ്പതോളം കിലോമീറ്റർ ഉള്ളിൽ അലഞ്ഞവരുടെ മുന്നിൽ രക്ഷകരായി ആരും എത്തിയില്ല.
തൊട്ടടുത്തു കൂടി കടന്നു പോയ കപ്പലുകളെ നോക്കി പ്രതീക്ഷയോടെ കൈ വീശിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. എതിരെ വന്ന രണ്ട് ചരക്കുകപ്പലുകൾ ഇടിച്ച് തെറിപ്പിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമായിരുന്നുവെന്ന് ഇവർ പറയുന്നു. പരസഹായമില്ലാതെ ഏകാന്തമായി അലഞ്ഞവർ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള നിശ്ചയദാർഢ്യത്തോടെ എൻജിനുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
ഒടുവിൽ ദൈവകടാക്ഷമെന്ന പോലെ എൻജിന് ജീവൻ വച്ചു. അതിന്റെ സഹായത്തോടെ കാത്തിരിപ്പുകാരെയും ആശ്ചര്യപ്പെടുത്തി ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായി ഇവർ വിഴിഞ്ഞം തുറമുഖത്ത് വള്ളമടുപ്പിച്ചു.
ഇതോടെ കടൽ സംരക്ഷകരെന്ന് വീമ്പിളക്കുന്ന വിഴിഞ്ഞത്തെ സുരക്ഷാ സേനകളുടെ പരാജയവും പുറം ലോകമറിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ തെരച്ചിലിനിറങ്ങിയ തീരസംരക്ഷണസേനയുടെ ചെറുകപ്പലിനെ ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തിച്ചു. ശക്തമായ തിരമാലകളെ പോലും പേടിക്കുന്ന സേന എങ്ങനെ കടൽ കാക്കുമെന്ന ചോദ്യവുമായി മത്സ്യത്തൊഴിലാളികൾ അധികൃതർക്ക് മുന്നിൽ കഴിഞ്ഞ ദിവസമെത്തിയിരുന്നു. സേനകൾ പരാജയം സമ്മതിച്ച കടലിൽക്കൂടിയാണ് ഒറ്റ എൻജിന്റെ ബലത്തിൽ വള്ളമോടിച്ച് രക്ഷപ്പെട്ടവർ വീട്ടിലെത്തിയതും.
കടലിൽ കുടുങ്ങിയതിനെ കുറിച്ച് പറയുന്നതിങ്ങനെ:
ബുധനാഴ്ച രാത്രിയോടെ കരയിൽ നിന്നും 21 നോട്ടിക്കൽ മൈൽ ഉള്ളിൽ എത്തി വള്ളം നങ്കൂരമിട്ട് വലവിരിച്ചു. രാത്രി ഒന്നേടെ എഞ്ചിൻ സ്റ്റാർട്ടാക്കാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ അപകടം മണത്തു. പിറ്റേന്നും ശ്രമിച്ചിട്ടും എഞ്ചിൻ സ്റ്റാർട്ടായില്ല. ശക്തമായ കാറ്റിലും കോളിലും പെട്ട് ആടിയുലഞ്ഞു.
ഇതിനിടെ രണ്ടു കപ്പലുകളുടെ ഇടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. കൈയിൽ മൊബൈലോ വയർലസോ ഇല്ലാതിരുന്നതിനാൽ കരയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇടക്കുണ്ടായ ശക്തമായ തിരയിൽ പെട്ട വള്ളത്തിൽ മറിഞ്ഞ് വീണ ലൂയീസിന് ഇടുപ്പെല്ലിൽ ക്ഷതവുമേറ്റു.
സമീപത്തു കൂടെ പോയ കപ്പലുകളിൽ തുണി വീശി രക്ഷക്കായി കേണെങ്കിലും ആരും തയാറായില്ല. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മറ്റുള്ളവർ കടലിലിറങ്ങാത്തതും തിരിച്ചടിയായി. ദിവസങ്ങൾ കഴിഞ്ഞതോടെ രക്ഷപ്പെടുത്താൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു. വെള്ളവും ഭക്ഷണവും ഇല്ലാതെ അവശരായി ജീവനും കൈയിൽ പിടിച്ച് പ്രാർഥനയോടെ കഴിയുന്നതിനിടെ വീണ്ടും എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. ഭാഗ്യത്തിന് സ്റ്റാർട്ടായി….