ജക്കാർത്ത: സീസണിലെ ആദ്യ കിരീട പ്രതീക്ഷയുമായി ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിനിറങ്ങിയ പി.വി.സിന്ധുവിന് കാലിടറി. ഫൈനലിൽ നേരിട്ടുള്ള ഗെയിമിലാണ് ജപ്പാന്റെ അകാനെ യമാഗൂച്ചി സിന്ധുവിനെ തകർത്തത്. സ്കോര്‍: 21-15, 21-16
ആദ്യ ഗെയിമില്‍ അകാനെ മൂന്ന് പോയിന്റ് നേടിയെങ്കിലും പിന്നീട് അഞ്ച് തുടര്‍ പോയിന്റുകള്‍ നേടി സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തിയതാണ്. ഇടവേള സമയത്തും സിന്ധു തന്നെയായിരുന്നു മുന്നിൽ. എന്നാൽ ഇടവേളയ്ക്ക് ശേഷം സിന്ധുവിനെ കാഴ്ചക്കാരിയാക്കി മാറ്റി ജാപ്പനീസ് താരം. 14-13ന് ലീഡ് ചെയ്യുകയായിരുന്ന സിന്ധുവിനെതിരെ അഞ്ച് പോയിന്റുകള്‍ നേടി 18-14ന് ലീഡും പിന്നീട് 21-15ന് ആദ്യ ഗെയിമും അകാനെ അനായാസം സ്വന്തമാക്കി.
രണ്ടാം ഗെയിമിൽ പക്ഷേ സിന്ധുവിന് തൊട്ടതെല്ലാം പിഴച്ചു. ഒരിക്കൽ മാത്രം 4-4ന് ഒപ്പമെത്തിയതൊഴിച്ചാൽ അകാനെയുടെ മുന്നിൽ സിന്ധു നന്നേ വിയർത്തു. സിന്ധുവിന് മേൽ വ്യക്തമായ ആധിപത്യം നേടിയ അകാനെയെ രണ്ടാം ഗെയിമിൽ ഒരു ഘട്ടത്തിൽ പോലും പിന്നിലാക്കാൻ സിന്ധുവിന് സാധിച്ചില്ല.