ഗാന്ധിനഗർ: പൊന്നമ്മ വധക്കേസിലെ പ്രതി അകത്തായപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാശാസ്യ സംഘത്തിന്റെ കണ്ണിയറ്റു. പ്രതിയെ വേഗം പിടിക്കാനും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കാനും സാധിച്ചത് ഗാന്ധിനഗർ പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം ഒന്നുകൊണ്ടു മാത്രമാണ്. കൊലയാളി അകത്തായതോടെ അനധികൃത കച്ചവടവും അനാശാസ്യ പ്രവർത്തനവുമെല്ലാം നിർത്തലാക്കാനും പോലീസിന് കഴിഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ പോലീസ് ചീഫ് പി.എസ്.സാബുവും ഡിവൈഎസ്പി ശ്രീകുമാറും വഹിച്ച പങ്ക് പറയാതെ വയ്യ.
ലോട്ടറി വിൽപനക്കാരി പൊന്നമ്മയുടെ മൃതദേഹം ആശുപത്രി വളപ്പിൽ കണ്ടെത്തിയ ഉടൻ ഗാന്ധിനഗർ സിഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം രംഗത്തിറങ്ങി. പ്രതിയെന്നു സംശയിക്കുന്നയാൾ രക്ഷപ്പെടാതെ നിരീക്ഷണത്തിലാക്കി തെളിവ് ശേഖരിച്ച് അറസ്റ്റു ചെയ്യാൻ കഴിഞ്ഞുവെന്നത് പോലീസിന്റെ കഴിവ് തന്നെ. പ്രതിയെ അകത്താക്കുക മാത്രമല്ല ആശുപത്രി കൂടി ശുദ്ധീകരിക്കാനാണ് പോലീസിന്റെ പദ്ധതി. ഇനിയൊരു ക്രിമിനലും ആശുപത്രിയിൽ കയറിക്കൂടി താമസിക്കരുത്.
പകൽ ലോട്ടറി കച്ചവടവും രാത്രി അനാശാസ്യവുമായി ഒരാളും ആശുപത്രിയിൽ താമസിക്കാൻ പാടില്ല. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും നിർഭയമായി കഴിയാൻ അന്തരീക്ഷമൊരുക്കുക. ഇതിലാണ് ഇനി പോലീസിന്റെ ശ്രദ്ധ. ലോട്ടറി വിൽപനക്കാരി പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സത്യൻ 10 വർഷമായി ആശുപത്രിക്കെട്ടിടത്തിലായിരുന്നു താമസം. ഇയാളെ ചോദ്യം ചെയ്യുന്നവരെ വിരട്ടും. അസഭ്യം പറയും. സത്യൻ എന്നല്ലാതെ ഇയാളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ലായിരുന്നു. ഇയാളെ പിടികിട്ടിയിരുന്നില്ലെങ്കിൽ എത്ര നിരപരാധികൾ സംശയിക്കപ്പെടുമായിരുന്നു.
കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗം കെട്ടിടത്തിന്റെ പിൻഭാഗത്തെ കുറ്റിക്കാട്ടിൽ കുടുംബശ്രീ ജീവനക്കാർ ഒരു കാർഡ് ബോർഡ് കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടത്. ഗാന്ധിനഗർ എസ് എച്ച് ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ ഒരു ടീമിന് അന്വേഷണ ചുമതല നൽകി. മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ബോംബ് സ്ക്വാഡ് വന്നെങ്കിലും ഒന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ ഡോഗ് സ്ക്വാഡിന് പരിശോധിക്കാനും കഴിഞ്ഞില്ല.
ഇതിനിടെ തലേന്ന് രാത്രിയിൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിയ യുവതി തന്റെ അമ്മയെ കാണാതായ വിവരം പറഞ്ഞു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ.മാരായ റഫീക്, നിയാസ് എന്നിവരാണ് കാണാതായ സ്ത്രീയുടെ ഫോട്ടോ ശേഖരിച്ച് വച്ചിരുന്നത്. 10 വർഷക്കാലത്തിലധികമായി മെഡിക്കൽ കോളജ് പരിസരത്ത് താമസിക്കുകയും രണ്ടു വർഷക്കാലമായി ലോട്ടറി വില്പന നടത്തി വരുകയും ചെയ്യുന്ന സ്ത്രീയുടെ ഫോട്ടോയാണ് പോലീസിന് ലഭിച്ചത്.
ഇവരുടെ മകൾ സന്ധ്യയാണ് പോലീസിന് ഫോട്ടോ കൈമാറിയത്. സന്ധ്യയാണ് മൃതദേഹം കണ്ട് അമ്മയെ തിരിച്ചറിഞ്ഞത്. സത്യൻ എന്നയാളുമായി ് മെഡിക്കൽ കോളജ് പരിസരത്ത് ഒന്നിച്ച് താമസിച്ച് ലോട്ടറിവില്പന നടത്തി വരികയായിരുന്നുവെന്നും വിവരം ലഭിച്ചു. സത്യൻ ഇതിനിടെ മുങ്ങിയിരുന്നു. സത്യനെ പോലീസ് അന്വേഷിക്കുന്ന വിവരം മെഡിക്കൽ കോളജ് സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മാന്നാനം സ്വദേശിയായ സനീഷ് അറിഞ്ഞു. ഇയാൾ ഓട്ടം പോയി വരുന്ന വഴിക്ക് ചവിട്ടുവരിഭാഗത്ത് സത്യൻ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഇയാളെ അനുനയിപ്പിച്ച് അവിടെ നിന്ന ശേഷം പോലിസിന് വിവരം കൈമാറി. ഉടൻ മഫ്തിയിൽ സ്ഥലത്തെത്തിയ എസ്.ഐ റെനീഷ്, സത്യനെ തന്ത്രപൂർവ്വം കാറിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചില്ല. നെടുകണ്ടം സംഭവം ഉണ്ടായതിനാൽ പോലീസ് വലിയ കരുതലോടെയാണ് പിന്നീട് സത്യനെ നിരീക്ഷിച്ചത്. സത്യൻ പറഞ്ഞതനുസരിച്ച് പുതുപ്പള്ളി സ്വദേശിയായ ഒരു ഭാഗികമായ ദിന്ന ശേഷിക്കാരനെ പോലീസ് വിളിച്ചു വരുത്തിയെങ്കിലും പ്രഥമദൃഷ്്ട്യാ ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സത്യനെ തന്നെ വീണ്ടും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് താനാണ് പൊന്നമ്മയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. അങ്ങനെ വെറും രണ്ടും ദിവസം കൊണ്ട് കൊലക്കേസിൽ പ്രതിയെ അറ്സറ്റു ചെയ്യാനായി. ഗാന്ധിനഗർ എസ് എച്ച് ഒ അനൂപ് ജോസ്, എസ്.ഐ.റെനീഷ് എന്നിവരെക്കൂടാതെ, എ എസ്.ഐമാരായ പി.കെ.സജി മോൻ, എം.പി. സജി, എ കെ അനിൽ കുമാർ, നോബിൾ മോൻ, ഷിബു ക്കുട്ടൻ, സി.പി.ഒമാരായ സന്തോഷ്, ഗിരീഷ്, കെ.എൻ അംബിക, ഷീജ, വി.എൻ മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.