കാഞ്ഞിരപ്പള്ളി: കുരിശുകവലയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപമുള്ള തണൽമരങ്ങൾ കേടുവരുത്തി നശിപ്പിക്കുവാൻ ശ്രമം. ഓട്ടോറിക്ഷ ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും നാളുകളായി തണലേകിയിരുന്ന മരങ്ങളാണ് കേടുവരുത്തിയ നിലയിലിൽ കണ്ടെത്തിയത്.
20 വർഷത്തിനു മുകളിൽ പഴക്കം വരുന്ന ബദാം മരങ്ങളാണ് കേടുവരുത്തി ഉണക്കി നശിപ്പിക്കാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തി പുതിയതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന് മുൻവശത്തായി പാതയോരത്ത് സ്ഥിതി ചെയ്യുന്ന മരങ്ങളാണ് ഇവ. മരങ്ങളുടെ തടിയിൽ കേടുവരുത്തിയ ശേഷം ഉണങ്ങി നശിക്കുവാനായി ഈ ഭാഗത്ത് രാസപദാർഥങ്ങൾ ഒഴിക്കുകയായിരുന്നു എന്നാണ് സൂചന.
മരങ്ങളുടെ ഇലകൾ പഴുത്ത് തുടങ്ങിയതോടെയാണ് സംഭവം ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടത്.സാമൂഹിക വിരുദ്ധർക്കെതിതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.