എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഇത്തവണത്തെ കാലവർഷത്തിൽ ഇതുവരെ പൊലിഞ്ഞത് 17 ജീവനുകൾ. കാസർഗോഡ് ജില്ലയിലാണ് കൂടുതൽ മരണം. നാലുപേർ. ഇന്നു തൃശൂർ മുകുന്ദപുരത്ത് ഒരാൾ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് മത്സ്യ ബന്ധനത്തിന് കടലിൽ പോയപ്പോൾ വള്ളംമറിഞ്ഞ് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. ഇനി രണ്ടുപേരെ കണ്ടെത്താനുണ്ട്. കാസർഗോഡ് ജില്ലയിൽ നിന്നും ഒരാളെ കാണാതായിട്ടുണ്ട്. ജൂൺ എട്ടുമുതൽ ഇന്നുവരെയുള്ള കണക്കാണിത്.
1319 വീടുകൾ ഭാഗീകമായും 74 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. തീരദേശ മേഖലയിലെ വീടുകളാണ് കൂടുതലും തകർന്നിരിക്കുന്നത്. കാലവർഷം പല ജില്ലകളിലും ശക്തമാകുന്നതിനാൽ നാശനഷ്ടത്തിന്റെ കണക്ക് ഇനിയും ഉയർന്നേക്കാം. അതിനാൽ കണക്കുകൾ കൃത്യമായി ശേഖരിക്കാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. 1514.61 ഹെക്ടർ കൃഷിയും നശിച്ചിട്ടുണ്ട്. പല ജില്ലകളിലേയും കൃഷിനാശത്തിന്റെ കണക്ക് കിട്ടാനുണ്ട്.
കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് കൃഷിനാശം കൂടുതൽ. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, എറണാകുളം, കാസർഗോഡ് കോഴിക്കോട് ജില്ലകളിലാണ് വീടുകൾ കൂടുതലും തകർന്നിരിക്കുന്നത്. കാസർഗോഡ് ജില്ലയിലാണ് മരണനിരക്ക് കൂടുതൽ, നാലുപേർ. സംസ്ഥാനത്ത് 13 ദുരിതാശ്വാസ ക്യാന്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആയിരത്തിലധികം പേർ ക്യാന്പുകളിൽ കഴിയുന്നുണ്ട്.
സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ഉണ്ടാകും. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ ഏറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊഴിയൂർ മുതൽ കാസർഗോഡ് വരെ കടലിൽ വലിയ തിരമാലകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര സമുദ്ര ഗവേഷണ വകുപ്പ് നൽകിയിട്ടുണ്ട്.
പലയിടത്തും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന മുന്നറിപ്പ് സർക്കാരും നൽകിയിട്ടുണ്ട്. നദികളിൽ വലിയ തോതിൽ വെള്ളം ഉയർന്നതിനാലും ശക്തമായ അടിയൊഴുക്ക് ഉള്ളതിനാലും നദികളിലും തോടുകളിലും ഇറങ്ങുന്നതിൽ നിന്ന് ജനങ്ങൾ പിന്തിരിയണമെന്ന മുന്നറിയിപ്പുമുണ്ട്. ശക്തമായ കാറ്റടിക്കാനുള്ള സാധ്യതയുള്ളതിനാൽ വാഹനങ്ങൾ മരങ്ങളുടെ അടിയിൽ പാർക്ക് ചെയ്യരുതെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.