തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്ഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം. പോലീസ് നിരവധി തവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാർജിനിടെ പ്രതിഷേധക്കാരിൽ ചിലർക്ക് പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ നിരാഹാര സമരം നടത്തുന്ന കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് തെരുവ് യുദ്ധമായി മാറിയത്.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിയപ്പോൾ മുതൽ സംഘർഷമായിരുന്നു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്കെതിരേ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് ഡീൻ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഒരുഭാഗത്ത് പോലീസും പ്രവർത്തകരും ഏറ്റുമുട്ടി. കെഎസ്യുവിന്റെ സമരപ്പന്തലിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചതോടെ പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
പോലീസിന് നേരെ കല്ലും കന്പും കുപ്പികളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. യൂത്ത് കോണ്ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നതിനാൽ വൻ പോലീസ് സന്നാഹം സെക്രട്ടറിയേറ്റിന്റെ എല്ലാ കവാടത്തിനു മുന്നിലും നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കെഎസ്യു പ്രവർത്തകർ പോലീസിന്റെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ വരെ എത്തിയ സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു കനത്ത സുരക്ഷ.
ഇതിനിടെ സമരപ്പന്തലിന് നേരെ പോലീസ് കണ്ണീർവാതകം എറിഞ്ഞുവെന്ന് ആരോപിച്ച് മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷും വനിതാ നേതാക്കളും പോലീസിന് നേരെ തിരിഞ്ഞു. പ്രകോപിതരായ പ്രവർത്തകരെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും അരമണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി മാറി.