കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരെല്ലാവരും സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ഹൈബി ഇൗഡൻ എംപി അറിയിച്ചു. ജീവനക്കാരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യഥാസമയം ഭക്ഷണവും വെള്ളവും ഉൾപ്പടെയുള്ള കാര്യങ്ങൾ ലഭിക്കുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കപ്പൽ പിടിച്ചെടുക്കുകമാത്രമേ ചെയ്തിട്ടുള്ളു എന്നാണ് ഇറാന്റെ വിശദീകരണം. കപ്പലിന്റെ ഉടമകളായ സ്വീഡിഷ് കന്പനിയിൽ നിന്നും ലഭ്യമായ വിവരം അനുസരിച്ച് മൂന്ന് മലയാളികളാണ് കപ്പലിലുണ്ടായിരുന്നത്. കളമശേരി സ്വദേശി ഡിജോ പാപ്പച്ചൻ (26), തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ രണ്ടുപേർ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. മറ്റു രണ്ടുപേർ ആരൊക്കെയാണെന്ന് ഇതaുവരെ വ്യക്തമായിട്ടില്ല.
കപ്പലിന്റെ ക്യാപ്റ്റൻ പള്ളുരുത്തി സ്വദേശിയാണെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. ഇവരെല്ലാം സുരക്ഷിതരാണ്. രണ്ട് ദിവസം മുൻപാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ അന്തർദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്തത്. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് ഇറാന്റെ കപ്പലായ ഗ്രേസ് വണ് ബ്രിട്ടണും പിടിച്ചെടുത്തിരുന്നു.
തങ്ങളുടെ കപ്പൽ വിട്ടുതരാതെ ബ്രിട്ടീഷ് കപ്പൽ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ. മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് നിർത്താതെ പോയതിനെ തുടർന്ന് പിടിച്ചെടുത്തതാണെന്നാണ് ഇറാന്റെ വിശദീകരണം. കപ്പലിൽ 23 ജീവനക്കാരുണ്ട്. ഇതിൽ ക്യാപ്റ്റൻ അടക്കം 18 പേർ ഇന്ത്യക്കാരാണ്.
പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കും: ഹൈബി ഈഡൻ
കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലുള്ള മൂന്ന് മലയാളികൾ അടക്കമുള്ള ജീവനക്കാരുടെ മോചനം വേഗത്തിലാക്കാൻ ഇന്ന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ആവശ്യം സജീവമായി ഉന്നയിക്കുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. പിടിച്ചെടുത്ത കപ്പലിൽ എറണാകുളം സ്വദേശികൾ ഉണ്ടെന്ന് അറിഞ്ഞതു മുതൽ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. കപ്പലിലുള്ളവരുടെ മോചനത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.