തൃശൂർ: പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു മേച്ചിൽ ഓടും കട്ടകളും വികസിപ്പിച്ചെടുത്ത തൃശൂരുകാരന്റെ പരിശ്രമത്തിനു തമിഴ്നാടിന്റെ പ്രോത്സാഹനം. നെല്ലിക്കുന്ന് സ്വദേശി ജേക്കബ് കൊള്ളന്നൂരിനെയാണ് ചെന്നൈയിൽ മൂന്നു പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ ചെന്നൈ കോർപറേഷൻ പ്രത്യേകം ക്ഷണിച്ചത്.
പരീക്ഷണാടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ തുടങ്ങിയ ആദ്യ യൂണിറ്റിൽനിന്നാണ് ഓടും കട്ടകളും പുറത്തിറക്കിയത്. ഇതിന്റെ വിജയം നേരിട്ടറിഞ്ഞാണ് കോർപറേഷൻ അധികൃതർ യൂണിറ്റ് സ്ഥാപിക്കാനുള്ള ചർച്ചകൾക്കായി ക്ഷണിച്ചതെന്നു ജേക്കബ് പറഞ്ഞു. ദിനംപ്രതി അഞ്ചു ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വിവിധയിനം പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫ്ളക്സുകൾ, സിന്തറ്റിക് തുണികൾ, റെക്സിൻ, സിമന്റ് ചാക്കുകൾ, ചെരുപ്പുകൾ, കോണ്‍ക്രീറ്റ്, സിറാമിക് തുടങ്ങി എല്ലാവിധ മാലിന്യങ്ങളും ഇത്തരത്തിൽ നിർമാണത്തിന് ഉപയോഗിക്കാം. മൂന്നുവർഷത്തെ ഗവേഷണ പരീക്ഷണങ്ങളിലൂടെയാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. ഇതിനുള്ള യന്ത്രസാമഗ്രികളുടെ പാറ്റേണും ജേക്കബ് തന്നെയാണു തയാറാക്കിയത്.
രണ്ട് ഉത്പന്നങ്ങളും തൃശൂർ എൻജിനിയറിംഗ് കോളജ് വകുപ്പു മേധാവികൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയതാണ്. കടൽക്ഷോഭ നിയന്ത്രണത്തിനു കരിങ്കൽഭിത്തികൾക്കുപകരം ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കാൻ കഴിയും. റോഡ് നിർമാണത്തിനും മറ്റു വ്യാവസായിക നിർമാണങ്ങൾക്കും ഇവ ഗുണകരമാണെന്നും ജേക്കബ് പറഞ്ഞു.