വഴിയരികിൽ ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കുന്നയാൾക്ക് സഹായമായി സൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു പഴയ കൊരട്ടി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെച്ചൂക്കരോട്ട്. കാഞ്ഞിരപ്പള്ളി- ഞള്ളമറ്റം റോഡിൽ ഉണ്ണിയപ്പം വിൽക്കുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി മുജീബ് എന്നയാൾക്കാണ് സെബാസ്റ്റ്യൻ അച്ചന്റെ സഹായം വലിയൊരു കൈത്താങ്ങായി മാറുന്നത്.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗങ്ങളിൽ വഴിയോരങ്ങളിൽ ചൂട് ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കുന്നയാളാണ് മുജീബ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പള്ളിയിലെ തിരക്കുകൾ കഴിഞ്ഞുള്ള സമയത്താണ് സെബാസ്റ്റ്യൻ അച്ചൻ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന്റെ തിരക്കുകളിലേക്ക് നീങ്ങുന്നത്. വഴിയരികിൽ നിന്ന് അച്ചൻ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കാണുന്ന പരിചയക്കാർ കൗതുകത്തോടെ ഇവിടേക്ക് ഓടിയെത്തുകയും അച്ചനോട് സൗഹൃദം പങ്കുവയ്ക്കുകയും ഉണ്ണിയപ്പം വാങ്ങി മടങ്ങുകയും ചെയ്യും.
മുജീബ് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ പരിശുദ്ധി മനസിലാക്കിയ സെബാസ്റ്റ്യൻ അച്ചൻ തന്റെ ഒഴിവ് സമയം മുജീബിന് സഹായമാകുവാൻ തീരുമാനിക്കുകയായിരുന്നു. ഇതുവഴി യാത്ര ചെയ്യുന്നവർക്ക് ഇരുവരെയും പരിചിതമാണ്. തമ്പലക്കാട് പെനുവേൽ ആശ്രമത്തിന്റെ സ്ഥാപകനാണ് ഫാദർ സെബാസ്റ്റ്യൻ വെച്ചൂക്കരോട്ട്.
മുണ്ടക്കയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹാഷിം ഇസ്മായിലാണ് ഈ ചിത്രം പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ഈ ചിത്രം നിമിഷം നേരെ കൊണ്ടാണ് വൈറലായി മാറിയത്.