കൽപ്പറ്റ: തമിഴ്നാട് സ്വദേശികളായ ദന്പതികൾക്ക് വയനാട്ടിൽ നടുറോഡിൽ ക്രൂരമർദനം. സ്ഥലം കാണാനെത്തിയ ദന്പതികളെ ഓട്ടോ ഡ്രൈവറായ ജീവാനന്ദൻ എന്നയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനകാരണം വ്യക്തമല്ല. പോലീസ് സ്റ്റേഷനിൽനിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്.
വയനാട്ടിലെ അന്പലവയലിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭർത്താവിനെ മർദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജീവാനന്ദൻ യുവതിയെ മർദിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. സംസാരിക്കുന്നതിനിടെ “നിനക്കും വേണോ’ എന്നു ചോദിച്ച് ജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നതു കാണാം. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു. ജീവാനന്ദിനോടു യുവതി പ്രതിരോധിച്ചതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു
ദന്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടുനിന്നവരാണു മർദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തില്ല. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.
മർദനത്തിനു പിന്നാലെ ദന്പതികളേയും ജീവാനന്ദനെയും പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നെന്നു സൂചനയുണ്ട്. എന്നാൽ പരാതി നൽകാൻ ദന്പതികൾ തയാറായില്ല. ഇതേതുടർന്ന് പോലീസ് കേസ് ഒതുക്കി തീർക്കുകയാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്.