കോട്ടയം: ഭാഗ്യദേവത തൊട്ടടുത്തുകൂടി കടന്നുപോയതിന്റെ ഞെട്ടലിലാണ് കോട്ടയത്തെ രണ്ടു പോലീസുകാർ. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് പോലീസുകാർക്ക് അരികിലൂടെ കടന്നുപോയത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ സീരിയൽ മാറിപ്പോയതിന്റെ ഞെട്ടലിലാണ് ജില്ലാ പോലീസ് ഓഫീസിലെ ഒരു സിവിൽ പോലീസ് ഓഫീസർ. ഒന്നാം സമ്മാനത്തിന്റെ നന്പർ എല്ലാം ശരി, പക്ഷേ സീരിയൽ മാത്രം മാറി.
അതുകൊണ്ട് 80 ലക്ഷത്തിനു പകരം പ്രോത്സാഹന സമ്മാനമായ വെറും എണ്ണായിരം രൂപ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നന്പർ നോക്കിയപ്പോൾ എല്ലാം ശരി. സിനിമയിൽ ഇന്നസെന്റ് ലോട്ടറി നോക്കി പറയുന്നതുപോലെ അടിച്ചുമോനേ.. എന്നു പറഞ്ഞുവെങ്കിലും സീരിയൽ നോക്കിയപ്പോഴാണ് ശരിക്കും നടുങ്ങിയത്.
മറ്റൊരു എസ്ഐക്കാണെങ്കിൽ ഒറ്റ നന്പരിലാണ് ഒന്നാം സമ്മാനം വഴുതി മാറിയത്. അതും കാരുണ്യ ലോട്ടറിയുടേത് തന്നെ. സീരിയൽ ശരിയായിരുന്നുവെങ്കിലും സമ്മാനം ലഭിച്ച നന്പരിന്റെ അവസാനത്തെ ഏഴ് എന്ന അക്കത്തിനു പകരം ആറ് എന്ന അക്കമായിരുന്നു. ഒറ്റ നന്പരിന് 80 ലക്ഷമാണ് മുന്നിലൂടെ കടന്നുപോയത്. എങ്ങനെ ഞെട്ടാതിരിക്കും എസ്ഐ. അവസാനത്തെ അക്കം ആറിനു പകരം ഏഴിൽ അവസാനിക്കുന്ന ടിക്കറ്റാണ് എടുത്തിരുന്നതെങ്കിൽ ഭാഗ്യവാനാകുമായിരുന്നു.
എസ്ഐ ഞെട്ടിയില്ലെങ്കിലല്ലേ അദ്ഭുതമല്ലേയുള്ളൂ.ഭാഗ്യദേവത തൊട്ടടുത്തെത്തിയിട്ടും തൊടാതെപോയ പോലീസുകാർ അടുത്തടുത്തുള്ള രണ്ട് ഓഫീസുകളിലാണ് ജോലി ചെയ്യുന്നത്. നിർഭാഗ്യവാൻമാർ പരസ്പരം കാണുന്പോൾ പങ്കുവയ്ക്കുന്നത് സമ്മാനം വഴുതി മാറിയ കാര്യം തന്നെ.