ആലുവ: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കെത്തിയ നഴ്സ് കൂടിയായ യുവതി അനസ്തേഷ്യക്കു മുന്പുള്ള ടെസ്റ്റ് ഇൻജക്ഷൻ നൽകിയയുടൻ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ചു. കടുങ്ങല്ലൂർ കടേപ്പിള്ളി നിവേദ്യത്തിൽ അനൂപ് മേനോന്റെ ഭാര്യ സന്ധ്യ മേനോൻ (28) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
വിദേശത്തായിരുന്ന അനൂപും സന്ധ്യയും പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സന്ധ്യ നേരത്തെ നഴ്സായി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റായി. ഇന്നലെ രാവിലെ ഒന്പതോടെ ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മകളെക്കുറിച്ചുള്ള വിവരമറിയാത്തതിനെത്തുടർന്നു കൂടെയുണ്ടായിരുന്ന അമ്മ തിയറ്ററിൽ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയറിഞ്ഞത്.
തുടർന്നു ബന്ധുക്കളുടെ ആവശ്യപ്രകാരം പത്തരയോടെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. തിയറ്ററിലേക്കു കൊണ്ടുപോകുന്നതിനു മുന്പു നൽകിയ മരുന്നു മാറിയോയെന്നു സംശയമുണ്ടെന്നു നഴ്സുകൂടിയായ സന്ധ്യ സംശയം പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
അനസ്തേഷ്യക്കു മുന്പുള്ള ടെസ്റ്റ് ഇൻജക്ഷൻ നൽകിയ ഉടൻ സന്ധ്യ കുഴഞ്ഞുപോകുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് തയാറാക്കി കളമശേരി സഹകരണ മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു. സംസ്കാരം ഇന്നു കോട്ടുവള്ളിയിൽ സന്ധ്യയുടെ തറവാട്ടുവീട്ടിൽ നടക്കും. ഇവർക്കു രണ്ടു മക്കളുണ്ട്.