കൊച്ചി: മത്സ്യമാര്‍ക്കറ്റുകളിലെ മീന്‍വില ഓണ്‍ലൈനായി അറിയാന്‍ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ (സിഎംഎഫ്ആര്‍ഐ) സംവിധാനം വരുന്നു. ഇതിനായി പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും.
രാജ്യത്തെ 1500 മത്സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ 50 മാര്‍ക്കറ്റുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തും. ഓരോ മാര്ക്കറ്റിനെയുംകുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ആഴ്ചതോറുമുള്ള മീന്‍വിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയാറാക്കും.
മാര്‍ക്കറ്റുകളുടെ സ്ഥിതിവിവരം, വിപണനസമയം, ഗതാഗത സൗകര്യം, മീന്‍ വരവ്, വിപണനം നടത്തുന്ന മത്സ്യയിനങ്ങള്‍, ആവശ്യക്കാരേറെയുള്ള മത്സ്യം, അടിസ്ഥാന സൗകര്യങ്ങള്‍, 150 ഓളം മത്സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും.
ഇവ ഓണ്‍ലൈനായി എന്‍എഫ്ഡിബി (www.nfdb.gov. in), സിഎംഎഫ്ആര്‍ഐ (ww w.cmfri.org.in) വെബ്സൈറ്റുകളില്‍നിന്ന് ഒക്ടോബര്‍ മുതല്‍ അറിയാനാകും. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമാണ് പദ്ധതിയുടെ മുഖ്യ ഗവേഷകന്.