കോലഞ്ചേരി: മയക്കുമരുന്നു വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘത്തെ പുത്തൻകുരിശ് പോലീസ് പിടികൂടി. ഒഡീഷ സ്വദേശികളായ ശത്രുഗുണ പാണ്ട (44), ദിവാകർ ഗൗഡ (42), ബാലരാമ ഗൗഡ (50) എന്നിവരെയാണ് പിടികൂടിയത്.
ചൂണ്ടി രാമമംഗലം റോഡിൽ കുടുംബനാട്ടിൽ വാടക വീട്ടിൽ താമസിച്ചായിരുന്നു ഇവരുടെ കച്ചവടം. വിൽപനയ്ക്കെത്തിച്ച 951 പാക്കറ്റ് പുകയിലയും 194 പാക്കറ്റ് മയക്കുമരുന്ന് ചേർത്ത പുകയിലപൊടിയും ഒൻപതു ഗ്രാം കഞ്ചാവും ഇവരിൽനിന്നു പോലീസ് പിടിച്ചെടുത്തു. ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങളിൽ നേരിട്ടെത്തിച്ചാണ് വിൽപ്പന. സ്കൂളുകൾക്കു സമീപം ക്യാന്പ് ചെയ്ത് ആവശ്യക്കാരായ വിദ്യാർഥികൾക്കും ലഹരി ഉത്പന്നങ്ങൾ നൽകുമെന്നും പ്രതികൾ പോലീസിനു മൊഴി നൽകി.
ബംഗാളിൽനിന്നാണ് മയക്കുമരുന്നും പുകയിലയും ട്രെയിൻ മാർഗം സംസ്ഥാനത്ത് എത്തിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി വിൽപ്പനയ്ക്കുള്ള വൻ ശൃംഖലയുടെ ഭാഗമാണിവർ. സംഘാംഗങ്ങൾ ബംഗാളിൽ പോയി ലഹരി ഉത്പന്നങ്ങളുമായി എത്തുകയാണ് രീതി. ഇവരുടെ മറ്റു സംഘാംഗങ്ങളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പുത്തൻകുരിശ് സിഐ സാജൻ സേവ്യർ, എസ്ഐ ബാബു, എഎസ്ഐ പീറ്റർ, സിപിഒമാരായ യോഹന്നാൻ, അനിൽകുമാർ, പ്രശോഭ്, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.