ബംഗളുരു: കർണാടകയിൽ സഖ്യസർക്കാരിനെ നിലനിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെന്ന സൂചന നൽകി കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. തന്നെ പിന്നിൽനിന്നു കുത്തിയ പാർട്ടിയിലെ സുഹൃത്തുക്കൾ ബിജെപിയെയും പിന്നിൽനിന്നു കുത്തുമെന്നും ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും ശിവകുമാർ പറഞ്ഞു.
ചൊവ്വാഴ്ചയും വിശ്വാസവോട്ടെടുപ്പ് പൂർത്തിയാകാൻ സാധ്യത കാണാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങൾ ശിവകുമാറിനോടു പ്രതികരണം ആരാഞ്ഞത്. മുംബൈയിലെ വിമത എംഎൽഎമാരുടെ മുറിയിൽ പ്രവേശിക്കുന്നതിൽനിന്നു തന്നെ വിലക്കി.
താനെന്താ കൊള്ളക്കാരനാണോ? എന്താണു താനവരോട് ചെയ്തത്? അവർ രാജിസമർപ്പിച്ച സമയത്തു തന്നെ തനിക്ക് അവരെ പൂട്ടിയിടാമായിരുന്നില്ലേ?. അഞ്ച് എംഎൽഎമാരെ പൂട്ടിയിടുന്നത് തനിക്കു ബുദ്ധിമുട്ടാണെന്നു നിങ്ങൾ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇതിനുശേഷം ജീവിതത്തെ സംബന്ധിച്ചും അദ്ദേഹം ചില നിരീക്ഷണങ്ങൾ നടത്തി. “ഇതിന്റെയൊക്കെ കാര്യമെന്താണ്?. എല്ലാവരും ഏതെങ്കിലും രീതിയിൽ മരിക്കും. രാത്രിയിൽ രണ്ടു പെഗ് കൂടുതൽ കഴിക്കുക എന്നതു മാത്രമാണ് ഒരാൾക്കു പരമാവധി ചെയ്യാൻ കഴിയുന്നത്’ എന്നും ശിവകുമാർ പറഞ്ഞു.