ചാവശേരി: റോഡ് വീതി കൂട്ടി നവീകരിച്ചതോടെ മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ഒരു മാസത്തിനുളളിൽ ചെറുതും വലുതുമായ 30 ലേറെ അപകടങ്ങളാണ് നടന്നത്.മാസങ്ങൾക്ക് മുമ്പാണ് റോഡ് മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയത്.
ഇതിനു ശേഷം മട്ടന്നൂർ കള റോഡ് മുതൽ ഇരിട്ടി വരെയുള്ള വിവിധ സ്ഥലങ്ങളിൽ അപകടം പതിവായിരുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കള റോഡ്, പത്തൊൻമ്പതാം മൈൽ, കാശിമുക്ക്, പഴയ പോസ്റ്റാഫീസ്, ചാവശേരി, വളോര, കൂരൻമുക്ക്, ഉളിയിൽ, പുന്നാട്, കീഴൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനാപകടങ്ങൾ പതിവായത്. വാഹനങ്ങളുടെ അമിതവേഗത കാരണം കാൽനട യാത്രക്കാർക്ക് പോലും രക്ഷയില്ല.
കഴിഞ്ഞ ആഴ്ച വളോര കുന്നിൽ കാറിടിച്ച് ഒരു വഴിയാത്രക്കാരൻ മരിക്കുകയും മറ്റൊരു ദിവസം കാറിടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉളിയിൽ പാലത്തിന് സമീപം കാറും ഐസിഡിസിയുടെ ജീപ്പും കൂട്ടിയിടിച്ച് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റതിനു പിന്നാലെ ഇന്നലെ വൈകുന്നേരം ചാവശേരി പത്തൊൻമ്പതാം മൈലിൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
സെന്റ് ഫ്രാൻസീസ് അക്കാദമിക്ക് മുന്നിലായിരുന്നു അപകടം. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്നേച്ചർ ബസും കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്.
മട്ടന്നൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു കാറും അപകടത്തിൽപ്പെട്ടിരുന്നു. റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയതിനാൽ ബസുകൾ ഉൾപ്പെടെ അമിത വേഗതയിലാണ് പോകുന്നത്. വാഹനങ്ങളുടെ അമിത വേഗത ഒഴിവാക്കാൻ മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ കാമറ സ്ഥാപിക്കാൻ അധികൃതർ തയാറാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.