അഞ്ച് വ്യത്യസ്ത ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി അഞ്ചു സ്വര്‍ണ മെഡലുകള്‍, അതും വെറും 19 ദിവസത്തിനുള്ളില്‍ നേടി ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം ഹിമാ ദാസ്. ചെക്ക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റോയില്‍ നടന്ന മത്സരത്തില്‍ 400 മീറ്ററിലാണ് ഹിമയുടെ ഏറ്റവും ഒടുവിലെ സ്വര്‍ണം. 52.09 സെക്കന്‍ഡുകള്‍കൊണ്ടാണ് ഹിമ ലക്ഷ്യത്തിലെത്തിയത്.
കഴിഞ്ഞ 20 ദിവസത്തിനിടെ വിവിധ ടൂര്‍ണമെന്റുകളിലായി ഈ പതിനെട്ടുകാരി നേടിയത് അഞ്ച് സ്വര്‍ണ മെഡലുകളാണ്. ജൂലൈ രണ്ടിന് പോളണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ 200 മീറ്റര്‍ 23.65 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമ സ്വര്‍ണവേട്ട ആരംഭിക്കുന്നത്. ജൂലൈ ഏഴിന് പോളണ്ടില്‍ തന്നെ നടന്ന കുട്നോ അത്ലറ്റിക്സ് മീറ്റില്‍ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. സമയം 23.92 സെക്കന്‍ഡ്.
ജൂലൈ 13 ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ക്ലാഡ്നോ അത്ലറ്റിക് മീറ്റിലും ഹിമ കസറി. 23.43 സെക്കന്‍ഡില്‍ ഹിമ 200 മീറ്റര്‍ താണ്ടിയ ഹിമ തന്റെ മൂന്നാം അന്താരാഷ്ട്ര സ്വര്‍ണം കരസ്ഥമാക്കി.
തുടര്‍ച്ചയായ മല്‍സരങ്ങളുടെ ക്ഷീണത്തിലാണ് ജൂലൈ 17ന് ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ടാബോര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ ഹിമയെത്തിയത്. എന്നാല്‍ മല്‍സരങ്ങളുടെ ആധിക്യം തളര്‍ത്താത്ത പ്രകടനം പുറത്തെടുത്ത ഹിമ മാസത്തിലെ നാലാം സ്വര്‍ണത്തില്‍ മുത്തമിട്ടു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ടൈറ്റിലും ഹിമയ്ക്കു സ്വന്തമായി.
എല്ലാവരുടെയും ജീവിതത്തില്‍ പ്രതിബന്ധങ്ങളുണ്ടാകും. എന്നാല്‍ രാജ്യത്തിനു വേണ്ടി എന്തെങ്കിലും നേടണം എന്ന ആഗ്രഹമുണ്ടെങ്കില്‍ അതിനായി പോരാടുകയാണ് വേണ്ടത് – ഇതു പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ സ്വന്തം ദിംഗ് എക്സ്പ്രസ് എന്നറിയപ്പെടുന്ന ഹിമ ദാസ് ആണ്. കായികരംഗത്തേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് ഉറപ്പായും പ്രചോദനമാണ് ഹിമയുടെ ജീവിതം.
ഒരു സാധാരണ കര്‍ഷകന്റെ മകളില്‍ നിന്ന് രാജ്യത്തിന്റെ അഭിമാനമായ കായിക താരത്തിലേക്കുള്ള ഹിമയുടെ വളര്‍ച്ചയ്ക്കു പറയാനുള്ളത് കഠിനാധ്വാനത്തിന്റെയും സ്വപ്നങ്ങളുടേയും കഥയാണ്.
അസമിലെ നഗോവാനില് 2,000 ജനുവരി ഒന്‍പതിന് ജോനാലി – റന്ജിത്ത് ദാസ് ദമ്പതിളുടെ ആറു മക്കളില്‍ ഏറ്റവും ഇളയവളായാണ് ഹിമ ജനിച്ചത്. രണ്ടു പ്രാവശ്യമാണ് ആസാമിലെ ധിംഗ് എന്ന ഗ്രാമം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. ആദ്യത്തേത് ഓര്‍ക്കാന്‍ അത്ര സുഖകരമല്ലാത്തതു കൊണ്ട് അതു നമുക്ക് വിടാം. രണ്ടാമതായി ധിംഗ് വാര്‍ത്തകളില്‍ തലക്കെട്ടായത് എന്നും രാജ്യം അഭിമാനത്തോടെ ഓര്‍ത്തിരിക്കും.
ധിംഗിലെ നെല്‍ പാടങ്ങളില്‍ ഓടിക്കളിച്ചു നടന്നിരുന്ന പെണ്‍കുട്ടി ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ നാന്നൂറു മീറ്ററില്‍ പങ്കെടുക്കുന്നതായിരുന്നു വാര്‍ത്ത. അന്ന് ഹിമയുടെ സ്ഥാനം ആറാമതായിരുന്നു. ആ നേട്ടത്തെ ഹിമ ആവോളം ആസ്വദിച്ചു.
അന്ന് 200 ഓളം പേരാണ് മത്സരം കാണാന്‍ ഹിമയുടെ കാന്തുലിമാരിയിലെ വീടിന്റെ മുറ്റത്ത് ഒരുക്കിയ സ്ക്രീനിനു മുന്നില്‍ കാത്തിരുന്നത്. പക്ഷേ കൃത്യസമയത്ത് കറന്റു പോയി. ഗ്രാമത്തിന്റെ അവസ്ഥ അറിയാവുന്നതിനാല്‍ ജെനറേറ്റര്‍ കരുതിയിരുന്നതിനാല്‍ മാത്രമാണ് അന്ന് എല്ലാവരും മത്സരം കണ്ടത്. ഇതാണ് ഹിമയുടെ ഗ്രാമത്തിന്റെ അവസ്ഥ. അവിടെ വൈദ്യുതി എപ്പോള്‍ വിച്ഛേദിക്കപ്പെടുമെന്നോ പ്രളയം എപ്പോള്‍ ഉണ്ടാകുമെന്നോ ഫോണിന് ഏതു നിമിഷം നെറ്റ്വര്‍ക്ക് കിട്ടുമെന്നോ ഒന്നും ഇന്നും പറയാന്‍ കഴിയില്ല.
പതിനേഴുപേരടങ്ങുന്ന കൂട്ടുകുടുംബത്തിലാണ് ഹിമ ജനിച്ചതും വളര്‍ന്നതും. അവിടുത്തെ കുട്ടികള്‍ക്കിടയില്‍ എന്നും ഹിമ വ്യത്യസ്തയായിരുന്നു. പതിനഞ്ചാം വയസില്‍ ഗ്രാമത്തിലെ വനിതകളെ വിളിച്ചു കൂട്ടി പ്രദേശത്തു നടന്ന അനധികൃത മദ്യക്കച്ചവടത്തിനെതിരെ ശബ്ദമുയര്‍ത്തി.
ഫുട്ബോളിനോട് അതിയായ താത്പര്യമുണ്ടായിരുന്നു ഹിമയ്ക്ക്. എന്നാല്‍ ഗ്രാമത്തിലുള്ളവര്‍ പെണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നു മാത്രമല്ല തെറ്റായി കാണുകയും ചെയ്തിരുന്നു. തനിക്ക് ഫുട്ബോള്‍ കളിക്കാന്‍ അനുമതി ഇല്ലായിരുന്നെങ്കിലും ഗോള്‍ പോസ്റ്റിനു പിന്നില്‍ മറഞ്ഞു നിന്ന് ബോള്‍ അരികിലേക്കു വരുമ്പോള്‍ തട്ടിയിട്ട് മറ്റുള്ളവര്‍ കാണുന്നതിനു മുന്‍പ് ഒളിക്കുമായിരുന്നു എന്ന് ഹിമ പറയുന്നു.
ഗ്രാമത്തില്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നപ്പോള്‍ തന്നേയും കൂടി കളിക്കാന്‍ വിടണം എന്ന ഹിമ കരഞ്ഞു പറഞ്ഞു. അന്ന് ഹിമയുടെ ആഗ്രഹത്തിന് കൂട്ടായത് അച്ഛന് രഞ്ജിത്താണ്.
വളരെ കുട്ടിയായിരിക്കുമ്പോള്‍ ഹിമയുടെ ഏറ്റവും വലിയ ആഗ്രഹം പ്ലെയിനില്‍ കേറണം എന്നതും വിദേശ രാജ്യം സന്ദര്‍ശിക്കണം എന്നതുമായിരുന്നു. അതിന് നീ നന്നായി പഠിക്കുകയും കളിക്കുകയും വേണം എന്ന് അച്ഛന് ഹിമയോടു പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ ഹിമ അനുസരിച്ചു. അവള് നന്നായി പഠിക്കുകയും കളിക്കുകയും ചെയ്തു.
സ്വപ്നങ്ങള്‍ക്കു പിന്നാലെ മകളെ പറക്കാന്‍ അനുവദിക്കണം എന്ന ആഗ്രഹം ഉള്ളപ്പോഴും അമ്മയുടെ ഉള്ളില്‍ മകളുടെ സുരക്ഷയെ കുറിച്ചോര്‍ത്ത് ഭയമായിരുന്നു. എന്നാല്‍ മകളുടെ താല്പര്യത്തിന് ആ അമ്മ ഒരിക്കലും എതിരുനിന്നില്ല.
2016ല്‍ ഹിമയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയാണ് ഫുട്ബോളിനേക്കാള്‍ ഹിമയ്ക്ക് അത്ലറ്റിക്സ് ആണ് വഴങ്ങുക എന്നു പറയുന്നുത്. അധ്യാപികയുടെ വാക്കുകള്‍ ഹിമയുടെ ജീവിതത്തില്‍ വഴിത്തിരിവായി.
അസമില്‍ അന്തര്‍ ജില്ലാ മീറ്റില്‍ തന്റെ ആദ്യ മത്സരത്തില്‍ പങ്കെടുത്ത് പതിനെട്ടുമാസം തികയുമ്പോഴേക്കും ഹിമ ഇന്ത്യന്‍ അത്ലറ്റിക്സില് ചരിത്രം കുറിക്കുന്നത്. 2018ല്‍ നടന്ന അണ്ടര്‍ 20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 400 മീറ്ററില്‍ ഹിമ സ്വര്‍ണം നേടി. 51.13 സെക്കന്‍ഡാണ് ഹിമയുടെ ഏറ്റവും മികച്ച സമയം. ഗ്രാമത്തില്‍ കിട്ടുന്നതിനേക്കാള്‍ മികച്ച പരിശീലനത്തിനായി ഗുവാഹത്തിയിലേക്കു മാറാന്‍ ഹിമയോട് ആവശ്യപ്പെട്ടത് കോച്ച് കൂടിയായ നിപോണ്‍ ദാസ് ആണ്.
ഒരിക്കല്‍പ്പോലും ഹിമ തന്റെ എതിരാളികളെക്കണ്ട് ഭയപ്പെടുകയോ അവരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരോപ്രാവശ്യവും ഹിമയുടെ ലക്ഷ്യം തന്റെ മികച്ച ടൈമിംഗിനെ ബീറ്റ് ചെയ്യുകയായിരുന്നു എന്നും നിപോണ്‍ ദാസ് പറയുന്നു. കാറ്റിന്റെ വേഗതയാണ് ഹിമയ്ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭോഗേശ്വര്‍ ബര്വായ്ക്കു ശേഷം രാജ്യാന്തര ഇവന്റില്‍ സ്വര്‍ണമെഡല്‍ നേടുന്ന രണ്ടാമത്തെ അസം സ്വദേശിയാണ് ഹിമ. 2018ല്‍ രാജ്യം ഹിമ ദാസിനെ അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചു. യുനിസെഫിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ youth ambasador കൂടിയാണ് ഇന്ന് ഹിമ.