ദുബായ്/മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ പരന്പരയ്ക്ക് മുന്പ് പുറത്തുവന്ന ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ലോക ഒന്നാം നന്പർ നിലനിർത്തി. ഓസ്ട്രേലിയയിൽവച്ച് 2-1നു പരന്പര നേടിയ ഇന്ത്യ ടെസ്റ്റിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ കോഹ്ലിയും തലപ്പത്ത് തുടരുകയായിരുന്നു.
922 റെറ്റിംഗ് പോയിന്റോടെയാണ് കോഹ്ലി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളത്. ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (913 പോയിന്റ്) ആണ് രണ്ടാമത്. ഇന്ത്യയുടെ ചേതേശ്വർ പൂജാര (881 പോയിന്റ്) മൂന്നാം സ്ഥാനത്തുണ്ട്. ഓസീസ് താരമായ സ്റ്റീവ് സ്മിത്ത് (857 പോയിന്റ്), ന്യൂസിലൻഡിന്റെ ഹെൻറി നിക്കോളാസ് (778 പോയിന്റ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
ടീം റാങ്കിംഗിൽ ഇന്ത്യക്കു പിന്നിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവയാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അടുത്ത മാസം 22 മുതലാണ് ഇന്ത്യ x വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ്.അടുത്ത മാസം ഒന്നിന് ആഷസ് പരന്പരയിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇന്ത്യ x വിൻഡീസ് പോരാട്ടം ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമാണ്.
ബൗളിംഗിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ആദ്യ പത്തിൽ ഉണ്ട്. രവീന്ദ്ര ജഡേജ (ആറ്), ആർ. അശ്വിൻ (10) എന്നിവരാണത്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് ആണ് (878 റേറ്റിംഗ് പോയിന്റ്) ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണ്, ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാദ എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ 16-ാം സ്ഥാനത്താണ്. മുഹമ്മദ് ഷാമി 21-ാമതും.
ബാറ്റിംഗിൽ 15-ാം സ്ഥാനത്തുള്ള ഋഷഭ് പന്ത് ആണ് ആദ്യ 20ൽ ഉള്ള ഇന്ത്യയുടെ മറ്റൊരു താരം. ടെസ്റ്റ് ഉപനായകനായ അജിങ്ക്യ രഹാനെ 21-ാം സ്ഥാനത്താണ്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇൻഡീസിന്റെ ജേസണ് ഹോൾഡർ, ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസൻ എന്നിവരാണ് ആദ്യ രണ്ട് റാങ്കിൽ. ആർ. അശ്വിൻ ആറാമതും ഹാർദിക് പാണ്ഡ്യ 27-ാമതുമാണ്.