ഇന്ത്യയുടെ കായിക ഭൂപടത്തിൽ കേരളത്തിനു സുപ്രധാന സ്ഥാനമാണുള്ളത്. അത്ലറ്റിക്സ്, ഗെയിംസ്, ടീം, വ്യക്തിഗതം എന്നിങ്ങനെ കായിക മേഖലയുടെ ഏതു വിഭാഗത്തിലായാലും അതിനു മാറ്റമില്ല.
ഈ മാസം ഐഎഎഎഫിന്റെ ബഹുമതിക്ക് അർഹയായ പി.ടി. ഉഷ മുതൽ ഐ.എം. വിജയൻ, പി.ആർ. ശ്രീജേഷ്, എസ്. ശ്രീശാന്ത്, വി. ഡിജു എന്നിവരിലൂടെ ജിൻസണ് ഫിലിപ്പ്, എച്ച്.എസ്. പ്രണോയ്, പി.യു. ചിത്ര, സഞ്ജു വി. സാംസണ്, ആഷിഖി കരുണിയൻ, പി.എസ്. ജീന, സെജിൻ മാത്യു, അനീറ്റ ജോസഫ് ക്ലീറ്റസ് തുടങ്ങിയവരിലെത്തിനിൽക്കുന്നത് കേരളത്തിന്റെ കായിക കരുത്ത് വിളിച്ചോതുന്നു.
ഇവരേപ്പോലെ ഇന്ത്യക്കായി വിവിധ കായിക ഇനങ്ങളിൽ മെഡൽ അണിഞ്ഞ, രാജ്യാന്തര തലത്തിൽ അണിനിരന്ന മലയാളിത്താരപട്ടികയുടെ നീളമേറെയാണ്. കായിക രംഗത്ത് ഇത്രയും ശക്തമായി വേരോട്ടമുള്ള കേരള മണ്ണിൽ എന്തുകൊണ്ട് ഒരു സ്പോർട്സ് യൂണിവേഴ്സിറ്റി ജന്മമെടുക്കുന്നില്ല. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഇൻസ്റ്റിറ്റ്യൂട്ടുകളും ഉഷ സ്കൂൾ, മേഴ്സിക്കുട്ടൻ സ്കൂൾ പോലുള്ളവയും ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റണ് തുടങ്ങിയ വിവിധ പരിശീലന കേന്ദ്രങ്ങളും കേരളത്തിൽ നിലവിലുണ്ട്.
എന്നാൽ, സ്പോർട്സ് മേഖലയുടെ ദ്രുതവളർച്ച മനസിലാക്കി അതിന്റെ ഗുണഫലം കൊയ്യാനുള്ള, അതിനായി വിദ്യാഭ്യാസം നല്കുന്ന ഒരു സർവകലാശാലയുടെ അഭാവം കേരളത്തിൽ നിഴലിക്കുന്നു. കളിക്കളങ്ങൾക്ക് അകത്തും പുറത്തുമായി വിവിധ തലങ്ങളിലേക്കുള്ള അവസരങ്ങളുടെ വാതായനം തുറക്കുന്ന ഒരു “സർവകായികശാല’’ മലയാളക്കരയിൽ തുടങ്ങേണ്ട സമയം അതിക്രമിച്ചു. ഭാവിയിലേക്ക് വിരൽചൂണ്ടുന്ന, ഒരു വൻ കുതിച്ചുചാട്ടത്തിനു വഴിതെളിക്കുന്ന സ്പോർട്സ് യൂണിവേഴ്സിറ്റിക്കായി കേരള സർക്കാർ ചുവടുവയ്ക്കേണ്ടിയിരിക്കുന്നു.
കേരളം ഏറെ പിന്നിൽ
സ്പോർട്സ് യൂണിവേഴ്സിറ്റിയോ…? വട്ടുകേസ് തന്നെ എന്ന ചിന്താണ് ഒരുപക്ഷേ, ആദ്യം മനസിലേക്ക് ഓടിയെത്തുക. എന്നാൽ, അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്പോർട്സ് യൂണിവേഴ്സിറ്റി ഉണ്ടെന്നത് വാസ്തവമാണ്. കായിക മേഖലയുടെ അനന്തസാധ്യത വർഷങ്ങൾക്ക് മുന്പുതന്നെ തമിഴ്നാട് സർക്കാർ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഏറ്റവും ആദ്യം സ്പോർട്സ് യൂണിവേഴ്സിറ്റി ആരംഭിച്ച സംസ്ഥാനം തമിഴ്നാടാണ്, 2005ൽ. തമിഴ്നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി എന്നാണ് അവർ അതിനു നല്കിയിരിക്കുന്ന പേര്.
തമിഴ്നാടിനു പിന്നാലെ ഗുജറാത്തും (2011) ഏറ്റവും ഒടുവിൽ ഹരിയാനയും (2019) സ്പോർട്സ് യൂണിവേഴ്സിറ്റി ആരംഭിച്ചു. മൂന്നരവർഷം മുന്പ് ഹരിയാന കായികമന്ത്രി പ്രഖ്യാപിച്ച സംരംഭമാണ് ജൂലൈ 17ന് അവിടുത്തെ സംസ്ഥാന കാബിനറ്റ് അംഗീകരിച്ചത്. അതോടെ രാജ്യത്ത് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന മൂന്നാമത് സംസ്ഥനമായി ഹരിയാന. മധ്യപ്രദേശിനും സ്വന്തമായി ഒരു സ്പോർട്സ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുണ്ട്, ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ.
എന്നാൽ, കേരളത്തിന് ഈ മേഖലയിൽ അവകാശവാദം സാധിക്കില്ല. മികവാർന്ന കായികതാരങ്ങളും പരിശീലകരും ഉള്ളപ്പോഴും സ്പോർട്സ് മേഖലയുടെ ആധുനിക സാധ്യതകൾ മുതലെടുക്കാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. വ്യക്തിഗത അപവാദങ്ങൾ ഉണ്ടെങ്കിലും ഒരു വന്പൻ സാന്പത്തിക മേഖലയിലേക്കുള്ള ചുവടുവയ്പ്പിന് അറച്ചുനിൽക്കുകയാണ് കേരളം. കളിക്കളങ്ങളിൽ മലയാളി കുട്ടികൾ മെഡൽ അണിയുന്പോഴാണ് കായിക മേഖലയിലെ കോടികളുടെ വ്യവസായത്തോട് കേരളം മുഖംതിരിച്ചുനിൽക്കുന്നതെന്നതും ശ്രദ്ധേയം.
മാറ്റത്തിനു സമയമായി
തമിഴ്നാട്, ഹരിയാന, മധ്യപ്രദേശ് എന്നിവയെല്ലാം സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ കേരളത്തേക്കാൾ മുന്നിലാണ്. കേരളത്തിന്റെ പാരന്പര്യ ശക്തിയായ അത്ലറ്റിക്സിൽ ഉൾപ്പെടെ ഈ സംസ്ഥാനങ്ങൾ കളത്തിലും ഭീഷണി ഉയർത്തുന്നുണ്ടെന്നതും വിസ്മരിച്ചുകൂടാ. തൊഴിലിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ ഇന്ത്യൻ കായിക മേഖല പുതുവഴികൾ തുറന്നിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ് സ്പോർട്സ്. ഇന്ത്യയിലും ഈ മേഖല വേഗത്തിൽ മുന്നേറുന്നു. അതിന്റെ സൂചകങ്ങളാണ് ഐപിഎൽ ക്രിക്കറ്റും ഐഎസ്എൽ ഫുട്ബോളും കടന്ന് പ്രോ വോളിബോൾ ലീഗായി കേരളത്തിൽ അവതരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കായിക മേഖലകളിലെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള സ്പോർട്സ് യൂണിവേഴ്സിറ്റിയെക്കുറിച്ച് മലയാളക്കര ചിന്തിക്കേണ്ടത് ആവശ്യകതയാകുന്നു.
ഒടുവിൽ ഇന്ത്യയും
യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുന്പ് ആരംഭിച്ച സ്പോർട്സ് യൂണിവേഴ്സിറ്റികളാണ് ഇന്ന് കായിക ലോകത്തെ മാസ്മരിക മാറ്റങ്ങൾക്ക് കാരണമായത്. ക്രിക്കറ്റിലെ ബോൾ ട്രാക്കിംഗ് ടെക്നോളജിയും ഫുട്ബോളിലെ വിഎആറും അത്ലറ്റിക്സിലെ ഫോട്ടോഫിനിഷിംഗുമെല്ലാം കായിക ലോകത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കണ്ടുപിടിത്തങ്ങളാണ്. ഏഷ്യയിൽ ജപ്പാനിലും ദക്ഷിണകൊറിയയിലുമാണ് ലോകത്തിൽ ആദ്യ 100 സ്ഥാനങ്ങളിലുള്ള സ്പോർട്സ് യൂണിവേഴ്സിറ്റികൾ ഉള്ളത്.
സ്പോർട്സ് യൂണിവേഴ്സിറ്റി സംസ്കാരത്തിലേക്ക് ഇന്ത്യയും ചുവടുവച്ചിട്ടുണ്ട്, 2018 മാർച്ച് 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സംരംഭത്തിന് തറക്കല്ലിട്ടു. നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി എന്നപേരിലാണ് മണിപ്പുരിലെ ഇംഫാലിൽ കേന്ദ്ര സർക്കാർ സ്പോർട്സ് യൂണിവേഴ്സിറ്റി ആരംഭിച്ചിരിക്കുന്നത്. 2011ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദിയാണ് ഗുജറാത്ത് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്നതും ശ്രദ്ധേയം.
നാളെ (കളത്തിനു പുറത്തെ കായിക ലോകം)
നമ്മൾക്കുംവേണം കായിക സർവകലാശാല – 1 / അനീഷ് ആലക്കോട്