തിരുവനന്തപുരം: ആട്ടുംതുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകുമെന്നാണ് അറിയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐയുടെ മാർച്ച് തടഞ്ഞു പോലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ നിരവധി സിപിഐ നേതാക്കൾക്കു പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെയെല്ലാം തല്ലിച്ചതയ്ക്കുന്ന രീതിയിലേക്കു കേരളാ പോലീസിനെ മുഖ്യമന്ത്രി മാറ്റി. ഭരണകക്ഷി എംഎൽഎയുടെ കൈ അടിച്ചൊടിച്ചു, ഭരണകക്ഷിയിലെ പാർട്ടിയിലെ സെക്രട്ടറിയുടെ തല അടിച്ചുപൊട്ടിച്ചു. സ്വന്തം എംഎൽഎയുടെ കൈ തല്ലിയൊടിച്ചിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കാത്തത് അപഹാസ്യമാണ്. കാനത്തിന്റെ സമീപനത്തെ കൗതുകത്തോടെയാണു ജനങ്ങൾ കാണുന്നത്. ആട്ടുംതുപ്പും സഹിച്ച് എത്രകാലം സിപിഐ മുന്നോട്ടുപോകും- ചെന്നിത്തല ചോദിച്ചു.
ഞാറയ്ക്കൽ സിഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സിപിഐ നടത്തിയ മാർച്ചിൽ എംഎൽഎ അടക്കം ഏഴു പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണു എറണാകുളം ജില്ലാ കളക്ടർക്കു മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.