തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, മധ്യ കിഴക്കൻ അറബിക്കടലിലും വെള്ളിയാഴ്ച വരെ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാനും സാധ്യതയുള്ളതിനാൽ മീൻ പിടുത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ബുധനാഴ്ചയും കണ്ണൂർ ജില്ലയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും കാസർഗോഡ് ജില്ലയിൽ വെള്ളിയാഴ്ച വരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.