കൊച്ചി: എറണാകുളത്ത് സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനെത്തുടർന്നുണ്ടായ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎയുടെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തിൽ അമർഷം പുകയുന്നു. സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിവേണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.
പ്രവർത്തകർക്കു നേരെ അതിക്രമങ്ങൾക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരേ ശക്തമായ നടപടി വേണമെന്ന് എംഎൽഎയും ആവശ്യപ്പെട്ടു. സ്ഥലത്തുനിന്നു ലഭിക്കുന്ന ദൃശ്യങ്ങളിൽനിന്നുതന്നെ സ്ഥലത്ത് പോലീസ് നടത്തിയ നരനായാട്ട് വ്യക്തമാണെന്നും ഇതിന് നേതൃത്വം നൽകിയ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് എംഎൽഎ ആവശ്യപ്പെടുന്നത്.
അതിനിടെ, സംഭവത്തിൽ അന്വേഷണം ആരംഭിച്ച ജില്ലാ കളക്ടർ എസ്. സുഹാസ് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കും. ഇന്നലെ വൈകിട്ടുതന്നെ കളക്ടർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎയുടെയും സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവർ അടക്കമുള്ളവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
പോലീസിന്റെ അതിക്രമത്തിനെതിരേ കർശന നടപടിവേണമെന്ന് എംഎൽഎയും ജില്ലാ സെക്രട്ടറിയുമടക്കമുള്ളവർ കളക്ടറോട് ആവശ്യപ്പെട്ടു. ഞാറയ്ക്കൽ സിഐക്കെതിരേയും ലാത്തിച്ചാർജിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി വേണമെന്ന നിലപാടിലാണു സിപിഐ നേതൃത്വം.
പോലീസ് നടപടികൾക്കു പിന്നാലെ ജില്ലയിൽ നാളുകളായി നീറിപുകയുകയായിരുന്ന സിപിഐ-സിപിഐ ബന്ധം കൂടുതൽ വഷളായി. ഭരണകക്ഷി എംഎൽഎയ്ക്കു നേരേതന്നെ പോലീസിന്റെ ഭാഗത്തുനിന്ന് അക്രമണം ഉണ്ടായ സാഹചര്യം സർക്കാരിനുതന്നെ നാണക്കേടാണെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.
വൈപ്പിൻ ഗവ. കോളജിലെ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സിഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സിപിഐ ഡിഐജി ഓഫീസ് മാർച്ച് നടത്തിയത്.
വൈപ്പിൻ ഗവ. കോളജിലെ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ തയാറാവാതിരിക്കുകയും പിന്നീട് എഐഎസ്എഫ് പ്രവർത്തകരെ കാണാൻ ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിലെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ തടയുകയും ചെയ്ത സംഭവം ജില്ലയിൽ സിപിഐ-സിപിഎം ബന്ധം കൂടുതൽ വഷളാക്കിയിരുന്നു.
എറണാകുളം വഞ്ചി സ്ക്വയറിൽനിന്നും ആരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറി പി. രാജുവാണ് ഉദ്ഘാടനം ചെയ്തത്.
തുടർന്ന് പ്രകടനമായി ഡിഐജി ഓഫീസിലേക്കെത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേട് ഉപയോഗിച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേട് തള്ളിനീക്കി മുന്നോട്ട് കടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ജലപീരങ്കി പ്രയോഗിച്ച പോലീസ് തുടർന്ന് പ്രവർത്തകർക്കു നേരെ ലാത്തിവീശുകയായിരുന്നു.
സംഘർഷത്തിൽ ഏതാനും പോലീസുകാർക്കും സാരമായി പരിക്കേറ്റിരുന്നു. എസിപി കെ,.ലാൽജി, സെൻട്രൽ എസ്ഐ വിപിൻ ദാസ് തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടി.