തിരുവനന്തപുരം: സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെതിരായ ലാത്തിച്ചാർജ് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ അന്വേഷണത്തിനു ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ നേതാക്കളെ പോലീസ് ലാത്തിച്ചാർജ് ചെയ്ത സംഭവം ദൗർഭാഗ്യകരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണു നടന്നതെന്നും ഇക്കാര്യത്തിൽ സിപിഎമ്മിനും വേദനയുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഐയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നണി തലത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിലെ ലാത്തിച്ചാർജിനിടെയാണ് മൂവാറ്റുപുഴയിൽനിന്നുള്ള സിപിഐ എംഎൽഎ എൽദോ ഏബ്രഹാമിന്റെ കൈ പോലീസ് തല്ലിയൊടിച്ചത്. ഇടതുകൈ ഒടിഞ്ഞ എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കൾക്കും ലാത്തിച്ചാർജിൽ സാരമായി പരിക്കേറ്റു.