നേമം : ദുർഘടമായ പ്രതലങ്ങളിൽ അനായാസം ഉപയോഗിക്കാൻ കഴിയുന്ന നാല് ചക്ര വാഹനമായ ബഗ്ഗിയുമായി പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ. ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികളാണ് ഈ വാഹനം സ്വയം രൂപകൽപന ചെയ്ത് നിർമ്മിച്ചത്.
കോളേജിലെ വിദ്യാർഥികളുടെ മോട്ടോർ സ്പോർട്ടിങ് ടീമായ മെക്കാർട്ടൻസിന്റെ നേതൃത്വത്തിൽ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് വിദ്യാർഥികൾ ഈ വാഹനം നിർമിച്ചത്. കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നും 36 വിദ്യാർഥികൾ പങ്കെടുത്ത പരിപാടി 15 ദിവസം നീണ്ടു നിന്നു. ഈ ദിവസങ്ങളിൽ വാഹനത്തെക്കുറിച്ചും അതിന്റെ രൂപകല്പനയെക്കുറിച്ചും പഠിക്കുവാനും വാഹനം നിർമിക്കുവാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.
ഇന്റേണ്‍ഷിപ്പിന്റെ അവസാന ദിവസം വാഹനത്തിന്റെ പ്രദർശനവും ട്രയൽ റണ്ണും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ, ടീമിന്റെ ഫാക്കൽറ്റി അഡ്വൈസർ പ്രൊഫസർ ചിത്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വിദ്യർഥികൾ സ്വരൂപിച്ച തുകകൊണ്ടാണ് ബഗ്ഗിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ഏകദേശം ഒന്നരലക്ഷം രൂപ ചെലവായി. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബഗ്ഗി വീണ്ടും നിർമ്മിക്കാനാകും. ഇന്ത്യയിലെ വിവിധ ഗോ കാർട്ടിങ് മത്സരങ്ങളിൽ പങ്കെടുത്തു പരിചയമുള്ള കോളേജ് ടീമായ മെക്കാർട്ടൻസ് അടുത്തതായി സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനീയേഴ്സ് നടത്തുന്ന ഇവന്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.