കൊച്ചി: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭാ പരിധിയിൽ നടന്ന പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു. പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ-പാനീയ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
വൃത്തിഹീനമായ ഭക്ഷണ സാഹചര്യങ്ങളും ഫുഡ് ലൈസൻസ്, ഹെൽത്ത് കാർഡ്, തുടങ്ങിയ ആവശ്യമായ ലൈസൻസുകൾ ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പടമുഗളിലെ ഫ്രെഷ് ചിപ്സ് ബേക്കറി, ഒലിമുഗളിലെ ആനന്ദഭവൻ ഭക്ഷണശാല എന്നിവയ്ക്കാണു പരിശോധന സംഘം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.
രണ്ട് സ്ഥാപനങ്ങളിൽനിന്നായി പതിനായിരം രൂപ പിഴ ഈടാക്കി. ആറ് ഹോട്ടലുകൾ, രണ്ട് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, രണ്ട് ബേക്കറികൾ എന്നിവയ്ക്കെതിരെയാണു ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന നടത്തും. ഭക്ഷണ പാനീയങ്ങളുടെ നിലവാരം പരിശോധിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കും. കാർഡില്ലാത്തവർക്ക് അഞ്ച് ദിവസം സമയമനുവദിക്കും. ഭക്ഷണം മോശമാണെങ്കിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും.
ആഴ്ചയിൽ മൂന്ന് ദിവസം രാത്രി കാലങ്ങളിലടക്കമാണു പരിശോധന. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നോട്ടീസ് നൽകി ഒഴിപ്പിക്കും. റവന്യൂ, ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ്, ആരോഗ്യം, പോലീസ് വകുപ്പുദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട തദ്ദേശ ഭരണ ജീവനക്കാരും പരിശോധന സംഘത്തിലുണ്ട്.