കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ മോറയ്ക്കാലയിലെ കടകളിലും ഭക്ഷണ ശാലകളിലും എക്സൈസും ഫുഡ് ഇൻസ്പെക്ടറും വ്യാപക പരിശോധനടത്തി. സ്കൂൾ പരിസരത്ത് വ്യാപമായി നിരോധിത പുകയില ഉല്പന്നങ്ങൾ വിൽക്കുന്നതായി ലഭിച്ച രഹസ്യ നിർദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചില കടകളിൽ നിന്നും സിഗരറ്റ് ഉൾപ്പെടെ പിടിച്ചെടുത്തു.
സ്കൂൾ പരിസരത്ത് നിന്ന് നൂറ് മീറ്റർ അകലത്തിൽ മാത്രമേ സിഗരറ്റ് വിൽക്കാൻ പാടുള്ളു. ഹോട്ടൽ, ബജിക്കടകളിലും പരിശോധന നടത്തി. ചില കളർ കൂടുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കും. സ്കൂൾ പരിസരത്ത് ഇനി മുതൽ മാസത്തിൽ ഒരിക്കൽ പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പെരിങ്ങാല ഭാഗത്ത് നിന്ന് കഞ്ചാവുമായി ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. പള്ളിക്കര മേഖലയിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടക്കുന്നതായി ആരോപണം ഉയരുകയും നാട്ടുകാരുടെ നേതൃത്യത്തിൽ സ്ക്വാഡ് രൂപീകരിക്കുകയും വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തിരുന്നു. വരുംദിവസങ്ങളിൽ പള്ളിക്കര പ്രദേശങ്ങളിൽ വ്യാപകമായ പരിശോധന നടത്തും.
എക്സൈസ് മാമല റെയ്ഞ്ച് ഇൻസ്പെക്ടർ സിറിൽ കെ മാത്യു, പ്രവന്റീവ് ഓഫീസർ ചാൾസ് ഗ്ലാർവിൻ, സിവിൽ ഓഫീസർമാരായ യു.കെ. ജോബിഷ്, മിധുൻ ലാൽ, വി.കെ. മനീഷ്, ഫുഡ് ഇൻസ്പെകടർമാരായ നീതു നവീർ, എമി പോൾ എബ്രാഹാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.