ചാവക്കാട്: മത്സ്യബന്ധനത്തിനിടയിൽ വള്ളം മറിഞ്ഞു; തിരമാലയിൽ അകപ്പെട്ട നാലു തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.മലപ്പുറം താനൂർ സ്വദേശികളായ മരയ്ക്കാരകത്ത് റാഫി (33), അഞ്ചടിക്കൽ അർഷാദ് (23), പരീക്കടവത്ത് കുഞ്ഞിമരക്കാർ (65), സാവനാജിപുരക്കൽ അബ്ദുൽ ഖാദർ (52) എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെ പഞ്ചവടി കടപ്പുറത്താണ് സംഭവം.
എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം തിരമാലയിൽ അകപ്പെടുകയായിരുന്നു. തുടർന്ന് വള്ളം മറിഞ്ഞപ്പോൾ തൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീണു. തീരക്കടലിൽവച്ചായിരുന്നു അപകടം. തൊഴിലാളികൾ നീന്തി കരയ്ക്ക് കയറി.
ഒരു എൻജിനും മൂന്നു കെട്ട് വലകളും നഷ്ടപ്പെട്ടു. നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കേടുവന്ന മറ്റൊരു എൻജിനും വള്ളവും കരയ്ക്കെത്തിച്ചു.