തൃശൂർ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി എംഎൽഎയും കോണ്ഗ്രസ് നേതാവുമായ അനിൽ അക്കര. മുല്ലപ്പള്ളിക്ക് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ തങ്ങൾക്കുമാകാമെന്ന് അനിൽ അക്കര പറഞ്ഞു. മുല്ലപ്പള്ളിയെപ്പോലെ താനും എഐസിസി അംഗമാണ്.
രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക ു ലൈക്കടിച്ച പോലെയുള്ള നടപടിയാണ്. കെപിസിസി യോഗത്തിൽ എംഎൽഎമാരെ ക്ഷണിക്കാറില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് പാർട്ടിയെ തളർത്തിയെന്നും അനിൽ അക്കര തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂർ ഡിസിസിക്ക് പ്രസിഡന്റില്ല, ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്. മാസങ്ങൾ കഴിഞ്ഞു. ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ..? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ് എന്നായിരുന്നു അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ടി.എൻ. പ്രതാപനായിരുന്നു തൃശൂർ ഡിസിസി പ്രസിഡന്റ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച പ്രതാപൻ എംപിയായി. തുടർന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
ഈമാസം 31നകം പുതിയ പ്രസിഡന്റിനെ നിയമിക്കാനാരിക്കേയാണ് അനിൽ അക്കരയുടെ വെടിയുതിർക്കൽ.ആലത്തൂർ എംപി രമ്യ ഹരിദാസിന് കാർ വാങ്ങിക്കൊടുക്കാൻ യൂത്ത് കോണ്ഗ്രസ് പിരിവ് തുടങ്ങിയപ്പോൾ അതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. യൂത്ത് കോണ്ഗ്രസിനെ പിന്തുണച്ച് അനിൽ അക്കരയും പോസ്റ്റിട്ടു.
ഒടുവിൽ വിവാദം കനത്തപ്പോൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എതിർപ്പ് രേഖപ്പെടുത്തിയതോടെ യൂത്ത് കോണ്ഗ്രസ് കാർ വാങ്ങൽ പരിപാടിയിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണു തൃശൂർ ഡിസിസിക്കു പ്രസിഡന്റ് വേണമെന്ന ആവശ്യവുമായി മുല്ലപ്പള്ളിയുടെ ഉത്തരവാദിത്വം കൂടി ഓർമപ്പെടുത്തി എംഎൽഎ പോസ്റ്റിട്ടിരിക്കുന്നത്.
അധ്യക്ഷ സ്ഥാനത്തിനായി ഐ ഗ്രൂപ്പും എ ഗ്രൂപ്പും ചരടുവലികൾ തുടരുന്നതിനിടയിലാണു വിഷയം ജില്ലയിലെ എംഎൽഎതന്നെ ചർച്ചയാക്കുന്നത്.
എ