കരുവന്നൂർ: പുത്തൻതോട് പാലത്തിന് സമീപത്തെ തറക്കൽ അന്പലത്തിനു അരികിലൂടെ മൂർക്കനാട്ടേക്ക് പോകുന്ന കെഎൽഡിസി ബണ്ട് റോഡ് തകർന്ന് പുഴയിലേയ്ക്ക് വീണു. ബണ്ടിനുസമീപം നിന്നിരുന്ന മരമടക്കം കടപുഴകിയാണ് പുഴയിലേയ്ക്ക് വീണത്. കഴിഞ്ഞ പ്രളയസമയത്തും ഇവിടെ വ്യാപകമായി ബണ്ട് ഇടിഞ്ഞിരുന്നു. എന്നാൽ നാളിതുവരെ നവീകരണ പ്രവർത്തനങ്ങൾ ഒന്നും പ്രദേശത്ത് നടന്നിട്ടില്ല.
പുത്തൻതോട് മുതൽ ചെമ്മണ്ട വരെയുള്ള ബണ്ടാണിത്. കനാലിന്റെ രണ്ടുവശത്തെ ബണ്ടുകളും ഇതേ അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വീടുകളും ബണ്ടിന് സമീപമുണ്ട്. സംഭവത്തിൽ എംഎൽഎ അടിയന്തിരമായി ഇടപെടണമെന്ന് കൗണ്‍സിലർമാരായ സിന്ധു ബൈജൻ, അൽഫോണ്‍സാ തോമസ് എന്നിവർ കൗണ്‍സിൽ യോഗത്തിലും, ബിജെപി ടൗണ്‍ പ്രസിഡന്റ് ടി.കെ. ഷാജൂട്ടൻ, മോഹനൻ തിരുമേനി, റെനീഷ്, മണികണ്ഠൻ എന്നിവരും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.