ശാസ്താംകോട്ട : കൗമാര പ്രായക്കാർ ഈ കാലഘട്ടത്തിൽ കൂടുതൽ ജാഗ്രത പുലർത്തി വേണം ജീവിക്കേണ്ടതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി അഭിപ്രായപ്പെട്ടു.ജീവിതത്തിലെ നിർണായക സമയത്തിലൂടെയാണ് അത്തരക്കാർ ഇപ്പോൾ കടന്നു പോകുന്നത്. ഓരോ ദിവസവും കൗമാരക്കാർ അനുഭവപ്പെടുന്ന പ്രതികൂലമായ സംഭവങ്ങളാണ് മാധ്യമങ്ങളിലൂടെ നാമറിയുന്നത്.
സ്വന്തം വീടുകളിൽ പോലും സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും അവർ അഭിപ്രായപ്പെട്ടു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കുന്നത്തൂരിൽ വേട്ടയാടപ്പെടുന്ന കൗമാരക്കാർ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ജില്ലാ വൈസ് പ്രസിഡന്റ് കെ ശോഭന അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി അംബിക, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, ജില്ലാ സെക്രട്ടറി എം ലീലാമ്മ, പ്രസിഡന്റ് പ്രസന്ന ഏണെസ്റ്റ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സിപിഎം ഏരിയാ സെക്രട്ടറി പികെ ഗോപൻ, അംഗം എൻ യശ്പാൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗംങ്ങളായ രാജമ്മ ഭാസ്കരൻ, എംബി ബിന്ദു, എസ് ലീല, പിഎസ് ജയലക്ഷ്മി, മായാ നെപ്പോളിയൻ, ബിന്ദു ശിവൻ എന്നിവർ പ്രസംഗിച്ചു.