നടവയൽ: ചക്കയും മാങ്ങയും തേടി നാട്ടിലെ കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടാനകൾക്ക് കാട്ടിൽ തന്നെ ഭാവിയിൽ തീറ്റയൊരുക്കാൻ ഫലവൃക്ഷവിത്തുകൾ വിതച്ച് വിദ്യാർഥികൾ. വോയിസ്ക ഇന്റർനാഷണൽ ചാപ്റ്ററും നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ വിദ്യാർത്ഥികളും സംയുക്തമായാണ് പുതിയ പരീക്ഷണവുമായി നെയ്ക്കുപ്പ വനത്തിൽ എത്തി ഫല വൃക്ഷ വിത്തുകൾ വിതച്ചത്.
കാട്ടിൽ തീറ്റയില്ലാത്തതും മുളങ്കൂട്ടങ്ങളുടെ നാശവുമാണ് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ പ്രധാനകാരണമെന്ന തിരിച്ചറിവാണ് വിദ്യാർഥികളെ വനത്തിൽ ഫലവൃക്ഷവിത്തുകൾ വിതക്കാൻ പ്രേരിപ്പിച്ചത്. ആയിരം ചക്കക്കുരുവും മാങ്ങാ വിത്തും കാട്ടിൽ വലിച്ചെറിയുന്പോൾ അതിൽ പത്തെണ്ണം എങ്കിലും മരമായി വളരും. അതിൽ ചക്കയും മാങ്ങയും കായ്ക്കും. ആനകൾക്ക് അത് ആഹാരമാവും.
ഭാവിയിൽ ചക്കയും മാങ്ങയും തേടി ആനകൾ നാട്ടിലേക്കിറങ്ങുന്നത് ഒരു പരിധി വരെ തടയാൻ കഴിയും. ഈ ചിന്തയിൽ നിന്നും ഉരുതിരിഞ്ഞ കാര്യം വിദ്യാർഥികൾവഴി നടപ്പിലാക്കാനാണ് വോയിസ്ക നടവയൽ ചാപ്റ്ററും സെന്റ് തോമസ് എൽപി സ്കൂൾ വിദ്യാർഥികളും സംയുക്തമായി തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. വിദ്യാർഥികളുടെ ആശയം മനസിലാക്കിയ അധികൃതർ മുഴുവൻ സഹായങ്ങളും നൽകി. നെയ്കുപ്പ വനത്തിലെ ഉൾക്കാട്ടിൽ ചക്കക്കുരുവും മാങ്ങാ വിത്തും കുട്ടികൾ വിതച്ചു. കാട്ടിൽ വിത്തുകൾ വിതക്കുന്നത് വഴി കുറച്ച് നശിച്ചുപോയാലും ബാക്കിയുള്ളത് വളർന്ന് മരമാവുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
വിത്ത് വിതയ്ക്കൽ പുൽപ്പള്ളി സെക്ഷൻ ഡെപ്യൂട്ടി റേഞ്ചർ ശശികുമാർ ഉദ്ഘാടനം ചെയ്തു. വോയിസ്ക ചാപ്റ്റർ പ്രവർത്തകരായ വിൻസന്റ് ചേരവേലിൽ, ജയിംസ് കളർ തൊട്ടിയിൽ, സജി പൂവാറ്റിൻച്ചിറ, ബിജു ഇരട്ടമുണ്ടക്കൽ, എൽപി സ്കൂൾ പ്രധാനാധ്യാപകൻ സ്റ്റാൻലി ജേക്കബ്, പിടിഎ പ്രസിഡന്റ് എം.സി. ബിനു, സിസ്റ്റർ റോസ്മിൽ, സിസ്റ്റർ പ്രിൻസി, മേഴ്സി, ബിജു നാട്ടുനിലം തുടങ്ങിയവർ പ്രസംഗിച്ചു.