കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉദയാസ്തമനപൂജ നടത്താനാവില്ലെന്നും ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രതിഷ്ഠയുടെ ദേവചൈതന്യത്തെ ബാധിക്കുമെന്നും വ്യക്തമാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
എല്ലാ ദിവസവും ഉദയാസ്തമന പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് സദാശിവ സുബ്രഹ്മണ്യന് നല്കിയ ഹര്‍ജിയിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രിയെന്ന നിലയില്‍ ആചാരങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയില്ല. ദേവപ്രശ്നത്തില്‍ ഒന്നിലേറെ ഭക്തര്‍ക്കുവേണ്ടി ഒരുമിച്ച് ഉദയാസ്തമന പൂജ നടത്താനാവുമെങ്കിലും തന്ത്രിയുടെയും തന്ത്രി കുടുംബത്തിന്റെയും ക്ഷേത്ര പാരമ്പര്യക്കാരുടെയും അനുമതിയോടെ വേണമെന്ന് വ്യക്തമാക്കിയിരുന്നു.
ഒന്നിലേറെ ഭക്തര്‍ക്കു വേണ്ടി ഒരു ദിവസം തന്നെ ഉദയാസ്തമന പൂജ നടത്താമെന്ന് ദേവസ്വം കമ്മിറ്റി മുമ്പ് അനുവദിച്ചപ്പോള്‍ ദേവസ്വം കമ്മീഷണര്‍ ഇടപെട്ടിരുന്നു. തന്ത്രിയുടെ ഉപദേശ പ്രകാരമേ ഇതു പാടുള്ളൂവെന്നു പറഞ്ഞിരുന്നു.