കോന്നി: ടൂറിസം വകുപ്പ് ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് നടപ്പിലാക്കാൻ ലക്ഷ്യമിട്ട ടേക്ക് എ ബ്രേക്ക് പദ്ധതിയ്ക്ക് ചരമഗീതം. 2016ൽ ടൂറിസം വകുപ്പ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലത്തോട് ചേർന്നുള്ള സ്ഥലത്ത് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. കെടിഡിസി 50 ലക്ഷം രൂപ മുടക്കി നിർമിക്കാൻ തുടക്കമിട്ട പദ്ധതി മൂന്നു വർഷം പിന്നിട്ടിട്ടും യാഥാർത്ഥ്യമായിട്ടില്ല.പശ്ചാത്തല സൗകര്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കി കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ.
ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള പഴയ മഹിളാമന്ദിരം പ്രവർത്തിച്ചിരുന്ന സ്ഥലമാണ് കണ്ടെത്തിയത്.ഇ ടിഞ്ഞു പൊളിഞ്ഞ പഴയ മഹിളാമന്ദിരം ഉൾപ്പെടെ 10 സെന്റ് സ്ഥലം തറവാടകയ്ക്ക് നൽകാനും ധാരണയായിരുന്നു.2016 ഫെബ്രുവരി 27ന് ഇതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തിയിരുന്നു.ഡിടിപിസി ജില്ലാ കലക്ടർ ചെയർമാനായും എഡിഎം കൺവീനറുമായി രൂപീകരിച്ച കമ്മിറ്റിക്കായിരുന്നു ഇതിന്റെ ചുമതല നൽകിയിരുന്നത്.
പദ്ധതി സ്ഥലത്തെ 35 മരങ്ങൾ കെട്ടിട നിർമ്മാണത്തിനായി മുറിച്ചു മാറ്റണമെന്ന് അറിയിച്ചതിനെ തുടർന്ന് ഏറെ തടസങ്ങൾക്ക് ശേഷം ഇവ മുറിച്ചുമാറ്റി സർക്കാർ നിർദേശ പ്രകാരം ലേലം ചെയ്തു നൽകിയിരുന്നു. മരങ്ങൾ മുറിക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി, പിഡബ്ല്യുഡി, ഗ്രാമവികസന കമ്മിഷൻ എന്നിവരുടെ നിയമ തടസങ്ങൾ മറികടക്കാനും മാസങ്ങൾ വേണ്ടിവന്നു.തറവാടക സംബന്ധിച്ച് കെടിഡിസിയും കാലാവധി വച്ച് കരാർ വയ്ക്കേണ്ടതുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ടൂറിസം വകുപ്പ് പിന്മാറിയിരിക്കുകയാണ്. ഏനാത്ത് അടക്കം വിവിധ സ്ഥലങ്ങളിൽ ഈ പദ്ധതി നടപ്പാക്കിയെങ്കിലും വകുപ്പിന് നഷ്ടമെന്ന കാരണത്താലാണ് പുനലൂർ-മൂവാറ്റുപുഴ പാതയോട് ചേർന്നുള്ള സ്ഥലത്തെ പദ്ധതി മുടക്കി അനുവദിച്ചിരുന്ന 50 ലക്ഷം തിരികെ പിടിച്ചിരിക്കുന്നത്.വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും ഏറെ ആശ്വാസകരമാകുമായിരുന്ന പദ്ധതിയായിരുന്നിത്.
കോന്നി ഇക്കോ ടൂറിസം, അടവി ഇക്കോ ടൂറിസം തുടങ്ങി മലയോര മേഖലയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് വിശ്രമിക്കാനും ടോയ്ലറ്റ്, ബാത്ത് റൂം, കുട്ടികൾക്ക് മുലയൂട്ടത്തിനുള്ള സൗകര്യം എല്ലാം ചേർത്തുള്ള സൗകര്യങ്ങളാണ് ഈ ദേശീയ പാതയോരത്ത് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.
ലഘുഭക്ഷണങ്ങളും പാനീയങ്ങളും അടക്കം ഇവിടെ സജ്ജമാക്കാനിക്കുന്ന കാന്റീൻ വഴി ലഭ്യമാക്കാനും ലക്ഷ്യമിട്ടിരുന്നു.എന്നാൽ കരാർ വയ്ക്കാതിരുന്നതും അനുവദിച്ച 50 ലക്ഷം പിൻവലിച്ചതു മൂലവും പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ടേക്ക് എ ബ്രേക്ക് പദ്ധതിയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തി നൽകിയ സ്ഥലം ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പുതിയ പദ്ധതിയായ പകൽ വീടിനായി മാറ്റി വച്ച് 24 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 60 വയസിനു മേൽ പ്രായമുള്ളവർക്ക് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം നൽകുകയും അവരുടെ വിനോദത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയുമാണ് പകൽ വീട് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ. പറഞ്ഞു.